കോടികളുടെ പ്രളയ മുന്നറിയിപ്പ് സംവിധാനങ്ങൾ എവിടെ? എൽഡിഎഫ് സർക്കാരിന്റെ വെള്ളപ്പൊക്ക പ്രതിരോധ പദ്ധതി ചർച്ചയാകുന്നു
ഷീബ വിജയൻ
സംസ്ഥാനത്ത് വീണ്ടും വെള്ളപ്പൊക്ക ഭീഷണി ഉയർന്നതോടെ, എൽഡിഎഫ് സർക്കാർ നടപ്പാക്കിയ കോടികളുടെ പ്രളയ പ്രതിരോധ പദ്ധതികൾ വീണ്ടും ചർച്ചയാകുന്നു. വെള്ളപ്പൊക്ക ദുരിതങ്ങൾ തടയുന്നതിനായി പുതിയ ഡിസാസ്റ്റർ റെസിലിയന്റ് പ്രോഗ്രാം പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ, സമാന ലക്ഷ്യങ്ങളോടെ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് തുടങ്ങിയ പദ്ധതികളുടെ കാര്യക്ഷമതയാണ് ചോദ്യം ചെയ്യപ്പെടുന്നത്.
2018, 2019 പ്രളയങ്ങൾക്ക് ശേഷം ആരംഭിച്ച റീബിൽഡ് കേരള ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി, 2025 മെയ്യിലാണ് റെസിലിയന്റ് കേരള പ്രോഗ്രാം ആരംഭിച്ചത്. കാലാവസ്ഥ വ്യതിയാനങ്ങളെ പ്രതിരോധിക്കാനും പ്രളയ മുന്നറിയിപ്പ് സംവിധാനങ്ങൾ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടായിരുന്നു ഇത്. ലോകബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക്, ഫ്രഞ്ച് ഡെവലപ്മെന്റ് ഏജൻസി എന്നീ രാജ്യാന്തര ധനകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ 2025 മുതൽ 2030 വരെയുള്ള ഘട്ടങ്ങളായാണ് പദ്ധതി പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്നത്.
പമ്പ, അച്ചൻകോവിൽ, മണിമല ആറുകളെ ഉൾപ്പെടുത്തി ഗ്രേറ്റർ പമ്പ നദീതടം കേന്ദ്രീകരിച്ചുള്ള സംയോജിത നദീതട പരിപാലന പദ്ധതിയുമുണ്ടായിരുന്നു. 2018ലെയും 2019ലെയും പ്രളയം കനത്ത നാശം വിതച്ച ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായിരുന്നു ഇത് നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നത്. കൃത്യമായ പ്രളയ മുന്നറിയിപ്പ് നൽകൽ, പ്രളയ പ്രവചനം ശക്തിപ്പെടുത്തൽ, അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിക്കൽ, ദീർഘകാല ജലസുരക്ഷ ഉറപ്പാക്കൽ എന്നിവയായിരുന്നു പ്രധാന ലക്ഷ്യങ്ങൾ. ഇതിനായി 2023 ജൂണിൽ ലോകബാങ്ക് 1,426.47 കോടി രൂപയുടെ വായ്പാ സഹായം അനുവദിച്ചിരുന്നു.
പദ്ധതിയുടെ ഭാഗമായി പ്രളയ പ്രവചന സംവിധാനങ്ങൾ സജ്ജമാക്കിയതായി റിപ്പോർട്ടുകൾ അവകാശപ്പെട്ടിരുന്നെങ്കിലും, അടുത്തിടെയുണ്ടായ വെള്ളപ്പൊക്കത്തിൽ ഇവ എത്രത്തോളം ഫലപ്രദമായെന്നതിൽ സംശയം ഉയർന്നിട്ടുണ്ട്. പമ്പാ നദീതടത്തിൽ കൃത്യസമയത്ത് മുന്നറിയിപ്പ് നൽകാനോ വെള്ളപ്പൊക്കത്തിന്റെ ആഘാതം കുറയ്ക്കാനോ ഈ സംവിധാനങ്ങൾക്ക് സാധിച്ചില്ലെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി പമ്പ, മണിമല, അച്ചൻകോവിൽ നദീതടങ്ങൾ ഉൾപ്പെടുത്തി സമഗ്ര പദ്ധതി കേന്ദ്ര സർക്കാരിന് സമർപ്പിച്ചിരുന്നെങ്കിലും, ആവശ്യമായ പിന്തുണ ലഭിച്ചില്ലെന്ന് വിമർശനങ്ങളോട് പ്രതികരിച്ച മുൻ ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി.
്േി്േ്േ

