മുത്തങ്ങ കേസ്: ശിക്ഷാ വിധിയിൽ പിഴവുണ്ടെന്ന് ഹൈക്കോടതി
ഷീബ വിജയൻ
മുത്തങ്ങയിൽ പോലീസുകാരനെ വധിക്കാൻ ശ്രമിച്ച കേസിലെ ശിക്ഷാ വിധിയിൽ പിഴവുണ്ടെന്ന് ഹൈക്കോടതി. ഗൂഢാലോചന പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടു എന്നത് അന്തിമ വിധിയുടെ ഭാഗമാക്കുന്നത് എങ്ങനെയെന്ന് ഹൈക്കോടതി ചോദിച്ചു. കീഴ്‌ക്കോടതി വിധി സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. കേസിൽ സിബിഐക്കും സർക്കാരിനും കോടതി നോട്ടീസ് അയച്ചു.
അബ്ദുൾ സലാം എന്ന പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ശിക്ഷിക്കപ്പെട്ട ഗീതാനന്ദൻ അടക്കമുള്ളവർ നൽകിയ അപ്പീലിലാണ് കോടതിയുടെ നടപടി. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഒന്നാം പ്രതി ഗീതാനന്ദൻ, മൂന്നാം പ്രതി ബിനു, അഞ്ചാം പ്രതി രമേശൻ, 11-ാം പ്രതി അനിൽകുമാർ എന്നിവർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.
കൽപ്പറ്റ സെഷൻസ് കോടതി വിധിയിൽ നിരവധി പിഴവുകളുണ്ട്, വധശ്രമക്കേസ് നിലനിൽക്കില്ല, വിധി തന്നെ റദ്ദാക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു അപ്പീൽ. വിവിധ വകുപ്പുകൾ പ്രകാരം 19 വർഷവും, വധശ്രമക്കേസിൽ 5 വർഷവും ആണ് ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് പരമാവധി 5 വർഷം അനുഭവിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ോ്േേ്ിേ്ിേ്ിേ

