അഫ്ഗാനിസ്താനിൽ പാകിസ്താന്റെ വ്യോമാക്രമണം; നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
ശാരിക l വിദേശകാര്യം
അഫ്ഗാനിസ്താനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു. പാകിസ്താനിൽ തുടർച്ചയായി നടക്കുന്ന ചാവേർ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഈ നടപടിയെന്ന് പാകിസ്താൻ വ്യക്തമാക്കി. ഇസ്ലാമാബാദിലെ ഒരു ഷിയ പള്ളിയിൽ നടന്ന ചാവേർ ആക്രമണത്തിൽ ഡസൻ കണക്കിന് വിശ്വാസികൾ കൊല്ലപ്പെട്ടിരുന്നു. സമാനമായ നിരവധി ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന സായുധ സംഘങ്ങളുടെ ക്യാമ്പുകളും ഒളിത്താവളങ്ങളും ലക്ഷ്യമിട്ടാണ് വ്യോമാക്രമണം നടത്തിയതെന്ന് പാകിസ്താൻ അറിയിച്ചു. തെഹ്‌രീകെ താലിബാൻ പാകിസ്താൻ (ടിടിപി) എന്നറിയപ്പെടുന്ന പാകിസ്താൻ താലിബാന്റെയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളുടെയും ഏഴ് ക്യാമ്പുകൾക്ക് പുറമെ അതിർത്തി മേഖലയിലെ ഇസ്‌ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളെയും ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയതെന്ന് പാകിസ്താൻ ഇൻഫോർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം എക്‌സിലൂടെ അറിയിച്ചു.
ഇസ്‌ലാമബാദിലും വടക്കുപടിഞ്ഞാറൻ ബജൗർ, ബന്നു ജില്ലകളിലും അടുത്തിടെയുണ്ടായ ആക്രമണങ്ങൾ അഫ്ഗാനിസ്ഥാന്റെ അറിവോടെയാണെന്നതിനുള്ള നിർണായക തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും മന്ത്രാലയം അവകാശപ്പെട്ടു. വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ബന്നു ജില്ലയിൽ നടന്ന ചാവേർ ആക്രമണത്തിൽ ഒരു ലെഫ്റ്റനന്റ് കേണൽ ഉൾപ്പെടെ രണ്ട് സൈനികർ കൊല്ലപ്പെട്ടതിന് മണിക്കൂറുകൾക്ക് ശേഷമാണ് പാകിസ്താൻ അഫ്ഗാനിസ്ഥാനിൽ വ്യോമാക്രമണം നടത്തിയത്. തിങ്കളാഴ്ച ബജൗറിലെ സുരക്ഷാ പോസ്റ്റിന്റെ മതിലിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റി 11 സൈനികരും ഒരു കുട്ടിയും കൊല്ലപ്പെട്ട സംഭവവും ഇതിന് കാരണമായി. ഫെബ്രുവരി 6-ന് ഇസ്‌ലാമബാദിലെ തർലായ് കലാൻ പ്രദേശത്തെ ഖദീജത്തുൽ കുബ്ര പള്ളിയിൽ ഉച്ചപ്രാർത്ഥനയ്ക്കിടെ നടന്ന ചാവേർ ആക്രമണത്തിൽ 31 പേർ കൊല്ലപ്പെടുകയും 170 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പാണ് ഏറ്റെടുത്തത്. സമീപ വർഷങ്ങളിൽ പാകിസ്താനിൽ വർധിച്ചുവരുന്ന അക്രമങ്ങൾക്ക് പിന്നിൽ ടിടിപിയും ബലൂച്ച് വിഘടനവാദ ഗ്രൂപ്പുകളുമാണെന്നും ടിടിപി അഫ്ഗാനിസ്താനിൽ നിന്നാണ് പ്രവർത്തിക്കുന്നതെന്നും പാകിസ്താൻ കുറ്റപ്പെടുത്തുന്നു. എന്നാൽ പാകിസ്താൻ വിരുദ്ധ സായുധ സംഘങ്ങൾക്ക് അഭയം നൽകുന്നുവെന്ന ആരോപണത്തെ താലിബാൻ സർക്കാർ നിരന്തരം നിഷേധിക്കുകയാണ്.
fsdfs


