ബഹ്‌റൈനിൽ അന്താരാഷ്ട്ര ലഹരി മാഫിയ സംഘം പിടിയിൽ; മുഖ്യപ്രതിക്ക് 15 വർഷം തടവ്, 12 പേർക്ക് ശിക്ഷ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: സൗദി അറേബ്യയിൽ നേരത്തെ മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട ജോർദാൻ സ്വദേശി ബഹ്‌റൈനിലും വൻ ലഹരി വേട്ടയിൽ പിടിയിലായി. 42 വയസ്സുകാരനായ ഇയാൾക്ക് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി 15 വർഷം തടവും 10,000 ബഹ്‌റൈൻ ദിനാർ പിഴയും വിധിച്ചു. 2012-ൽ സൗദിയിൽ വെച്ച് തടവും ചാട്ടവാറടിയും ഉൾപ്പെടെയുള്ള ശിക്ഷകൾ അനുഭവിച്ച ശേഷമാണ് ഇയാൾ ബഹ്‌റൈൻ കേന്ദ്രീകരിച്ച് ലഹരി ശൃംഖല വ്യാപിപ്പിച്ചത്.
ഈ ലഹരി കടത്ത് സംഘത്തിലെ മറ്റ് 12 പേർക്കും കോടതി വിവിധ കാലയളവുകളിലെ ശിക്ഷകൾ വിധിച്ചിട്ടുണ്ട്. മുഖ്യപ്രതിയുടെ 36 വയസ്സുകാരനായ സഹോദരൻ ഉൾപ്പെടെ പത്തുപേർക്ക് ഒരു വർഷം തടവും 1,000 ദിനാർ പിഴയുമാണ് ശിക്ഷ. സംഘത്തിലുണ്ടായിരുന്ന ഇയാളുടെ സഹോദരി, ഒരു ബഹ്‌റൈൻ സ്വദേശിനി എന്നിവർക്ക് ആറുമാസം തടവും 100 ദിനാർ പിഴയും കോടതി വിധിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് സ്വദേശികളല്ലാത്ത ഒൻപത് പ്രതികളെയും രാജ്യത്ത് നിന്ന് നാടുകടത്തും.
ജോർദാൻ, ബഹ്‌റൈൻ, ഈജിപ്ത്, ലബനൻ, സൗദി അറേബ്യ, സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായ സംഘത്തിലുള്ളത്. സൗദിയിൽ നിന്ന് കിംഗ് ഫഹദ് കോസ്‌വേ വഴി ഹാഷിഷ് ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ അതിസമർത്ഥമായാണ് ഇവർ ബഹ്‌റൈനിലേക്ക് കടത്തിയിരുന്നത്. സൗദിയിൽ നേരത്തെ ശിക്ഷിക്കപ്പെട്ടതിനാൽ ബ്ലാക്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടേക്കാമെന്ന ഭയത്താൽ മുഖ്യപ്രതി നേരിട്ട് അതിർത്തി കടന്നിരുന്നില്ല. പകരം സ്വന്തം സഹോദരനെയും സഹോദരിയെയും മറ്റ് കൂട്ടാളികളെയും ഉപയോഗിച്ചാണ് ലഹരിമരുന്ന് കടത്തിയത്. ലഹരി ഇടപാടുകളിലൂടെ ലഭിക്കുന്ന പണം കൈമാറാൻ ഒരു സ്വകാര്യ കമ്പനിയുടെ ജനറൽ മാനേജരായ ഈജിപ്ത് സ്വദേശിയുടെ ബിസിനസ് അക്കൗണ്ടുകളാണ് ഇവർ ഉപയോഗിച്ചിരുന്നത്.
ലഹരി വിരുദ്ധ ഡയറക്ടറേറ്റിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലായി നടത്തിയ രണ്ടാഴ്ച നീണ്ട നിരീക്ഷണത്തിനൊടുവിലാണ് സംഘം വലയിലായത്. പ്രതിയുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ ഹാഷിഷ്, കൊക്കെയ്ൻ, വിവിധതരം മയക്കുമരുന്ന് ഗുളികകൾ (Lyrica, Tramadol), കഞ്ചാവ് എന്നിവയുടെ വൻ ശേഖരം കണ്ടെടുത്തു. കൂടാതെ ലഹരി തൂക്കി വിൽക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ സ്കെയിലുകളും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. വിവിധ രാജ്യങ്ങളിലെ കറൻസികളും സ്വർണ്ണാഭരണങ്ങളും ഇയാളുടെ പക്കൽ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
താൻ ലഹരി ഉപയോഗിക്കാറുണ്ടെന്നും മറ്റൊരാളിൽ നിന്ന് വലിയ അളവിൽ ഇവ വാങ്ങാറുണ്ടെന്നും ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. കോടതി നടപടികൾക്കിടെ തന്റെ കുഞ്ഞിനെ കാണാൻ അനുവദിക്കണമെന്നും രണ്ടാമതൊരു അവസരം നൽകണമെന്നും പ്രതിയുടെ സഹോദരി അപേക്ഷിച്ചെങ്കിലും കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്ത് കോടതി ശിക്ഷ വിധിക്കുകയായിരുന്നു.
sdfsf


