തെരഞ്ഞെടുപ്പിൽ കൃത്രിമം; ബംഗ്ലാദേശ് മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ അറസ്റ്റിൽ
ഷീബ വിജയ൯
ധാക്ക: തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചുവെന്ന കുറ്റത്തിന് ബംഗ്ലാദേശ് മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ കെ.എം. നൂറുൽ ഹുദയെ അറസ്റ്റ് ചെയ്തു. മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബി.എൻ.പി) നൽകിയ കേസിലാണ് അറസ്റ്റ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഒരു മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ കസ്റ്റഡിയിലെടുക്കുന്നത് ഇത് ആദ്യമായാണെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.
2014, 2018, 2024 വർഷങ്ങളിൽ ഹസീന ഭരണകാലത്ത് പൊതുതെരഞ്ഞെടുപ്പ് നടത്തിയതിന് ഹുദ ഉൾപ്പെടെ 19 പേർക്കെതിരെയാണ് ബി.എൻ.പി കേസ് നൽകിയത്. ഈ തെരഞ്ഞെടുപ്പുകളെല്ലാം ഹസീനയാണ് വിജയിച്ചിരുന്നത്. അതേസമയം, ഹുദയെ കസ്റ്റഡിയിലെടുക്കുന്നതിന് മുൻപ് ധാക്കയിലെ അദ്ദേഹത്തിൻ്റെ വസതിക്ക് പുറത്ത് ജനക്കൂട്ടം തടിച്ചുകൂടുകയും വീടിനുള്ളിൽ അതിക്രമിച്ച് കയറി അദ്ദേഹത്തെ വലിച്ചിഴച്ച് അപമാനിക്കുകയും ചെയ്തിരുന്നു. ഇതു കൂടാതെ ഹുദയെ ഒരു സംഘം ആളുകൾ ചേർന്ന് ചെരിപ്പുകൊണ്ട് അടിക്കുകയും ചെരുപ്പുകൾ കൊണ്ട് മാല ചാർത്തുകയും മുട്ട എറിയുകയും ചെയ്യുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഹുദക്കെതിരായ ആക്രമണം സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് കാരണമായതോടെ മുഹമ്മദ് യൂനുസിൻ്റെ ഇടക്കാല സർക്കാർ അർദ്ധരാത്രിയോടെ പ്രസ്താവന പുറത്തിറക്കി. ആൾക്കൂട്ടം കലാപം സൃഷ്ടിച്ചതും പ്രതിയെ ശാരീരികമായി ആക്രമിച്ചതും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ആരും നിയമം കൈയിലെടുക്കരുതെന്നും അങ്ങനെ ചെയ്യുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
gffgfgfgd
