കോവിഡ് വാക്‌സിൻ ഗർഭിണികൾക്കും നൽകാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
ന്യൂഡൽഹി: കോവിഡ് വാക്‌സിൻ ഗർഭിണികൾക്കും നൽകാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് വാക്‌സിൻ ഗർഭിണികൾക്ക് നൽകണമെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കോവിഡ് അവലോകന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗർഭിണികൾക്ക് വാക്‌സിൻ സ്വീകരിക്കാമെന്ന മാർഗനിർദേശം കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇന്ത്യയിൽ രണ്ട് മുതൽ 18 വയസ് വരെയുള്ള കുട്ടികളിൽ വാക്‌സിൻ നൽകുന്നത് സംബന്ധിച്ച പഠനങ്ങൾ നടക്കുകയാണെന്നും സെപ്റ്റംബറോടെ ഇതിന്‍റെ ഫലം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുലയൂട്ടുന്ന സ്ത്രീകൾക്ക് വാക്‌സിന്‍ ലഭിക്കാൻ അർഹതയുണ്ടായിരുന്നുവെങ്കിലും ഗർഭിണികൾക്ക് നൽകാൻ അനുമതിയുണ്ടായിരുന്നില്ല.

