കൊറോണ ആരംഭിച്ചത് വർഷങ്ങൾക്ക് മുൻപെന്ന് ഡബ്ല്യൂഎച്ച്ഒ


ഷാങ്ഹായി: കൊറോണ വൈറസിന്റെ സാന്നിദ്ധ്യം വുഹാനിലെ വൈറോളജി ലാബിൽ നിന്നും ആണെന്നതിന് തെളിവുകൾ ഇല്ലെന്ന് ലോകാരോഗ്യ സംഘടനയുടെ ഗവേഷണ സംഘം. കൊറോണ വൈറസിന്റെ ഉറവിടം കണ്ടെത്താൻ വുഹാനിലെത്തിയ സംഘമാണ് ഇക്കാര്യം അറിയിച്ചത്. വൈറസിന്റെ ഉറവിടം സംബന്ധിച്ച് പുതിയ സൂചന ലഭിച്ചതായും സംഘം അറിയിച്ചു.

ജന്തുശാസ്ത്രജ്ഞനും ജന്തുജന്യ രോഗവിദഗ്ദ്ധനുമായ പീറ്റർ ഡസ്സാക്കാണ് പുതിയ ഉറവിട സാദ്ധ്യതയുടെ സൂചന അറിയിച്ചത്. വൈറസിന്റെ ഉറവിടത്തെ കുറിച്ച് പുതിയ ചില സൂചനകൾ ലഭിച്ചതായി അദ്ദേഹം വ്യക്തമാക്കി. ഇതിനായി വൈറസിന്റെ ജനിതക ഘടകങ്ങളെ കുറിച്ച് ചൈനയിലെ വവ്വാലുകൾ താവളമാക്കിയ ഗുഹകളിൽ കൂടുതൽ ഗവേഷണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

 2002−−2003 കാലത്തെ സാർസ് രോഗത്തിന്റെ ഉറവിടത്തെ കുറിച്ച് യുനാൻ പ്രവിശ്യയിലെ ഗുഹകളിൽ പഠനം നടത്തിയ വിദഗ്ദ്ധരിൽ ഡസ്സാക്കും ഉണ്ടായിരുന്നു. രോഗത്തിന്റെ ആരംഭത്തിന് ചിലപ്പോൾ വർഷങ്ങൾ പഴക്കമുണ്ടാകുമെന്നാണ് ഡസ്സാക്കിൻറെ നിഗമനം. കൊറോണയുടെ ഉത്ഭവത്തിന് കാരണം വവ്വാൽ പോലെയുള്ള ഏതെങ്കിലും വന്യജീവികളാകാം. യഥാർത്ഥ ഉറവിടം കണ്ടെത്തിയാൽ രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കാമെന്നും ഡസ്സാക്ക് അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed