കണ്ണൂർ സർവകലാശാലയുടെ ഉത്തരക്കടലാസുകൾ പെരുവഴിയിൽ: അന്വേഷണം പ്രഖ്യാപിച്ചു
കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ ഉത്തരക്കടലാസുകൾ പെരുവഴിയിൽ. ഇന്ന് രാവിലെ മലപ്പട്ടം ചൂളിയാട്ട് നിന്നാണ് ഒരു കെട്ട് ഉത്തരക്കടലാസുകൾ ലഭിച്ചത്. സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ വിഭാഗം ബികോം രണ്ടാം വർഷ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് ലഭിച്ചത്. ഡിസംബർ 23നാണ് പരീക്ഷ നടന്നത്. മൂല്യനിർണയം നടത്തിയ ഉത്തരക്കടലാസുകളാണിവ. എന്നാൽ ഫലം പുറത്തു വന്നില്ല. സംഭവത്തെ തുടർന്ന് കെഎസ്‌യു പ്രവർത്തകർ കണ്ണൂർ സർവകലാശാലയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.
അതേസമയം സംഭവത്തിൽ കണ്ണൂർ സർവകലാശാല അന്വേഷണം പ്രഖ്യാപിച്ചു. പ്രോ വിസി പ്രഫ. എ.സാബു അദ്ധ്യക്ഷനായ സമിതിയെയാണ് സംഭവം അന്വേഷിക്കാൻ സർവകലാശാല നിയോഗിച്ചിരിക്കുന്നത്. അതേസമയം സംഭവം അധ്യാപകന് സംഭവിച്ച അബദ്ധമാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. വീട്ടിൽ വച്ച് മൂല്യനിർണയം നടത്തിയ ശേഷം ഉത്തരക്കടലാസ് ബൈക്കിൽ സർവകലാശാലയിലേക്ക് കൊണ്ടുപോകും വഴി നഷ്ടപ്പെടുകയായിരുന്നുവെന്നാണ് അദ്ധ്യാപകന്‍റെ വിശദീകരണം.

