നടു­വേ­ദനയു­ള്ളവരു­ടെ­ ശ്രദ്ധയ്‌ക്ക്...


വീട്ടുജോലികൾ‍ ചെയ്യുന്പോൾ‍

1. വീട്ടുജോലികൾ‍ ചെയ്യുന്പോൾ‍ മുന്നോട്ടു കുനിഞ്ഞു നിന്നുള്ള ജോലികൾ‍ ഒഴിവാക്കുക. 2 നീളമുള്ള ചൂൽ‌ ഉപയോഗിച്ച് അടിച്ചുവാരുക. 3. മീൻ ഇറച്ചി എന്നിവ വെട്ടുന്പോൾ‍ ഏറെ സമയം ഒരേ രീതിയിൽ‍ കുത്തിയിരിക്കുന്നത്‌ നടുവിന്‌ സമ്മർ‍ദം ഉണ്ടാക്കും. അതിനാൽ‍ ചെറിയ പൊക്കമുള്ള സ്റ്റൂളിൽ‍ ഇരുന്ന്‌ ഇത്തരം ജോലികൾ‍ ചെയ്യുക. 4. എടുത്തുയർ‍ത്താൻ പ്രയാസമുള്ള ഭാരം ബലംപിടിച്ച്‌ എടുത്ത്‌ ഉയർ‍ത്താതിരിക്കുക. 5. കുനിഞ്ഞു നിന്ന്‌ തുണിയലക്കുന്നതും നടുവേദനയുണ്ടാക്കാം. അലക്കുന്ന പ്രതലം പൊക്കമുള്ളതായാൽ‍ കുനിഞ്ഞുനിന്ന്‌ അലക്കുന്പോഴുള്ള ആയാസം കുറയ്‌ക്കും. അതുപോലെ ഉയരം കുറഞ്ഞ സ്റ്റൂളിലിരുന്ന്‌ തുണി കഴുകാവുന്നതാണ്‌

ജീവിത ശൈലിയിൽ‍ ശ്രദ്ധിക്കാം

1. വ്യായാമക്കുറവാണു നടുവേദനയ്‌ക്കുള്ള പ്രധാന കാരണം. ദിവസേന അര മണിക്കൂറെങ്കിലും വ്യായാമത്തിനായി നീക്കിവയ്‌ക്കുക. 2. കുനിഞ്ഞു ഭാരമെടുക്കുന്പോൾ‍ പ്രത്യേകം ശ്രദ്ധിക്കണം. നടുവിനു ബലം കൊടുക്കാതെ രണ്ടു മുട്ടും മടക്കി കുനിഞ്ഞ്‌ ഭാരം എടുത്ത്‌ മുട്ടു നിവർ‍ത്തി പൊങ്ങുക. 3. കന്പ്യൂട്ടറിനു മുന്പിൽ‍ വളഞ്ഞിരിക്കാതെ നിവർ‍ന്നിരിക്കണം. കൈകൾ‍ക്കു താങ്ങുള്ള കസേരകൾ‍ ഉപയോഗിക്കുന്നതാണ്‌ ഉത്തമം. 4. കന്പ്യൂട്ടർ മോണിറ്ററിന്റെ മുകൾ‍ ഭാഗം കണ്ണിനു സമാന്തരമായിരിക്കണം. അഡ്‌ജസ്‌റ്റ് ചെയ്യാവുന്ന കസേരകൾ‍ ഉപയോഗിച്ച്‌ ഇതു ക്രമപ്പെടുത്താവുന്നതാണ്‌. കഴുത്തും നടുവും നിവർ‍ന്നിരിക്കാനും ഇതു സഹായിക്കും. 5. കൈകൾ‍ കസേരപ്പിടിയിൽ‍ താങ്ങി ടൈപ്പ്‌ ചെയ്യത്തക്ക രീതിയിൽ‍ കീബോർ‍ഡ്‌ വയ്‌ക്കുക. 6. ദിവസവും ഇരുന്നു ജോലി ചെയ്യുന്നവർ‍ നടുവിനു താങ്ങു നൽ‍കുന്ന കസേരകൾ‍ ഉപയോഗിക്കുക. അല്ലെങ്കിൽ‍ നടുഭാഗത്തു കുഷ്യൻ വെയ്‌ക്കുക. 7. കസേരയിൽ‍ കുനിഞ്ഞിരുന്നു ജോലി ചെയ്യാതെ നിവർ‍ന്നിരിക്കണം. 8. ഒരേ രീതിയിൽ‍ ദീർ‍ഘനേരം ഇരുന്നു ജോലി ചെയ്യാതെ ഇടയ്‌ക്ക് റിലാക്‌സ് ചെയ്യുക. എഴുന്നേറ്റു നിന്നു കാൽ‍വിരലുകൾ‍ നിലത്തൂന്നി കൈകൾ‍ മുകളിലേക്ക്‌ ഉയർ‍ത്തുക. 9. പരമാവധി ഹീൽ‍ കുറഞ്ഞ ചെരിപ്പുകൾ‍ ഉപയോഗിക്കുക. 10. എന്തു കാര്യവും നിവർ‍ന്നു നിന്നും നിവർ‍ന്നിരുന്നും ചെയ്യുക. 11. അമിതവണ്ണം നട്ടെല്ലിനു ചുറ്റും പ്രവർ‍ത്തിക്കുന്ന പേശികൾ‍ക്കു സമ്മർ‍ദം ഉണ്ടാക്കാം. അതിനാൽ‍ ഭക്ഷണക്രമത്തിൽ‍ ശ്രദ്ധിക്കുന്നതിലൂടെയും വ്യായാമത്തിലൂടെയും ശരീരഭാരം നിയന്ത്രിച്ചു നിർ‍ത്തുക. 12. പുകവലിക്കാർ‍, മദ്യപാനികൾ‍ ഇവരിലും നടുവേദനയുടെ നിരക്കു കൂടാം. 13. അപകടങ്ങൾ‍, വീഴ്‌ച ഇവ മൂലം നടുവിന്‌ പരുക്ക്‌, ചതവ്‌ എന്നിവ പറ്റിയിട്ടുള്ളവർ‍ക്ക്‌ നിർ‍ബന്ധമായും വിശ്രമം എടുക്കണം. 14. അമിത ഭാരമുള്ള ബാഗുകൾ‍ കുട്ടികൾ‍ ചെറുപ്രായത്തിൽ‍ തൂക്കുന്നത്‌ ഭാവിയിൽ‍ നടുവേദനയ്‌ക്കു കാരണമാകാം. അതിനാൽ‍ കനം കുറഞ്ഞ സ്‌കൂൾ‍ ബാഗുകൾ‍ കുട്ടികൾ‍ക്കു വാങ്ങി നൽ‍കുക. 15. നടുവേദനയുള്ളവർ‍ ജിമ്മിൽ‍ പോകുന്പോൾ‍ കുനിഞ്ഞു നിന്നുള്ള വ്യായാമങ്ങൾ‍ ഒഴിവാക്കുക. അമിതഭാരം എടുത്തുള്ള വ്യായാമങ്ങളും വേണ്ട.

കിടക്കുന്പോൾ‍ ശ്രദ്ധിക്കാൻ

1. നിവർ‍ന്നു കിടക്കുന്പോൾ‍ കഴുത്തിനു പുറകിലും നടുവിലും വളവ്‌ മനുഷ്യസഹജമാണ്‌. എന്നാൽ‍, നടുവേദനയുള്ളവർ‍ ഒരു സാരി മടക്കി വെയ്‌ക്കുന്ന വലുപ്പത്തിൽ‍ ഒരു ഷീറ്റ്‌ മടക്കിയോ ചെറിയ തലയണയോ നടുവിന്റെ ഭാഗത്തു വയ്‌ക്കുക. കിടക്കുന്പോൾ‍ നടുവ്‌ ആയാസരഹിതമാകാൻ ഇതു സഹായിക്കും. 2. കഴുത്തിന് താങ്ങു നൽ‍കുന്നതിനാണ്‌ തലയിണ ഉപയോഗിക്കേണ്ടത്‌. നമ്മൾ‍ തലവയ്‌ക്കുക എന്ന ഉദ്ദേശത്തോടെയാണു സാധാരണ തലയിണ ഉപയോഗിക്കുന്നത്‌. ഇതു ശരിയായ രീതിയല്ല. കഴുത്തിനു പുറകിലായുള്ള വളവിൽ‍ വേണം തലയിണ വെയ്‌ക്കാൻ. ശരീരത്തിന്‌ തുലനത കിട്ടുവാനും നട്ടെല്ല് നിർ‍വന്നിരിക്കാനും ഇതു സഹായിക്കും. 3. നടുവേദനയുള്ളവർ‍ ബെഡ്‌ ഉപയോഗിക്കരുതെന്നു നിർ‍ബന്ധമില്ല. ഓരോരുർ‍ത്തർ‍ക്കും സുഖകരമായ രീതിയിൽ‍ കിടക്കുകയെന്നതാണു പ്രധാനം. കയർ‍ കട്ടിൽ‍, പ്ലാസ്‌റ്റിക്‌ തുടങ്ങിയ കുഴിവുള്ള കട്ടിലുകൾ‍ ഉപയോഗിക്കരുതെന്നു മാത്രം. നിവർ‍ന്നു നിൽ‍ക്കുന്പോൾ‍ നടുവ്‌ എങ്ങനെ ആയിരിക്കുമോ അതേ രീതിയിൽ‍ കിടക്കുന്നതാണ്‌ ഏറ്റവും നല്ലത്‌. 4. ചാരുകസേര ഉപയോഗിക്കുന്നതു നടുവേദനയുള്ളവർ‍ക്കു നന്നല്ല. ഇതു നടുവിന് താങ്ങു നൽ‍കുന്നില്ല. 5. തണുപ്പു സമയത്ത്‌ സിമന്റ്‌ തറയിൽ‍ കിടക്കുന്നത്‌ ഒഴിവാക്കുക. തറയിൽ‍ നിന്നുള്ള തണുപ്പ്‌ നടുവേദനയുണ്ടാക്കാം. 7. നടുവേദനയുള്ളവർ‍ക്ക്‌ ഒരുവശം ചരിഞ്ഞു കിടക്കുന്നതു സുഖകരമായിരിക്കും. 8. വലിപ്പം കുറഞ്ഞ കട്ടിലിൽ‍ കൂനിക്കൂടി കിടക്കാതിരിക്കുക.

വാഹനം ഓടിക്കുന്പോൾ‍

1. വാഹനം ഓടിക്കുന്പോൾ‍ നിവർ‍ന്നിരുന്ന്‌ ഓടിക്കണം. 2. ചാരുകസേരയിൽ‍ കിടക്കുന്ന രീതിയിലുള്ള സീറ്റുകൾ‍ നടുവേദനയുള്ളവർ‍ക്കു നല്ലതല്ല. 3. ഓടിക്കുന്ന വാഹനത്തിന്റെ സീറ്റ്‌ ശാസ്‌ത്രീയമായ രീതിയിലല്ലെങ്കിൽ‍ നടുവിനു താങ്ങായി ഒരു കുഷ്യൻ വയ്‌ക്കുക. 4. ബൈക്ക്‌ ഒാടിക്കുന്പോൾ കുനിഞ്ഞിരുന്ന്‌ ഓടിക്കുന്ന രീതി ശരിയല്ല. ചെറിയ തോതിലുള്ള നടുവേദനയുള്ളവർ‍ക്കും നിവർ‍ന്നിരുന്നു ബൈക്ക്‌ ഓടിക്കുന്നതു കൊണ്ടു കുഴപ്പമില്ല. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed