ബഹ്‌റൈനിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പെർഫോമിംഗ് ആർട്‌സ് നവരാത്രി ഉത്സവം സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ l 20 വർഷത്തോളമായി പ്രവർത്തിച്ചുവരുന്ന ബഹ്‌റൈനിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പെർഫോമിംഗ് ആർട്‌സ് നവരാത്രി ഉത്സവം സംഘടിപ്പിച്ചു. സഗയിയിലെ ഐഐപിഎ ആസ്ഥാനത്ത് നടന്ന പരിപാടിയിൽ വിവിധ ഇനങ്ങളിൽ പരിശീലനം നേടുന്ന വിദ്യാർത്ഥികളുടെ കഴിവുകളാണ് പ്രദർശിപ്പിച്ചത്.
ചടുലമായ നൃത്തങ്ങൾ, മനം കവരുന്ന സംഗീതാലാപനങ്ങൾ, വാദ്യോപകരണ പ്രകടനങ്ങൾ എന്നിവ സദസ്സിന് നവ്യാനുഭവമായി.ഐഐപിഎയിലെ പരിചയസമ്പത്തുള്ള അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. നവരാത്രിയോടനുബന്ധിച്ചുള്ള വിദ്യാരംഭ ചടങ്ങ് ഒക്ടോബർ 2ന് നടക്കുമെന്ന് ഐഐപിഎ അധികൃതർ അറിയിച്ചു.
പുതിയ വിദ്യാർത്ഥികളെ സംഗീതത്തിൻ്റെയും കലയുടെയും ലോകത്തേക്ക് സ്വാഗതം ചെയ്യുന്ന ചടങ്ങിന് ഡോ കെ എസ് മേനോൻ നേതൃത്വം നൽകും. രാവിലെ 10:00 മുതൽ 12:00 വരെയും, വൈകുന്നേരം 4:00 മുതൽ 9:00 വരെയുമായി രണ്ട് സെഷനുകളിലായാണ് വിദ്യാരംഭ ചടങ്ങ് നടക്കുന്നത്.
പുതിയ രജിസ്‌ട്രേഷനുകൾക്ക് ആകർഷകമായ പാക്കേജുകൾ ലഭിക്കുമെന്നും രജിസ്‌ട്രേഷൻ ഫീസ് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ടെന്നും, പുതുതായി ചേരുന്നവർക്ക് ഒക്ടോബറിലെ പ്രതിമാസ ഫീസിൽ 50% കിഴിവ് ലഭിക്കുമെന്നും അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി 17231717 അല്ലെങ്കിൽ 3898 0680 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
sdfs