ആനക്കഥ


മണികണ്ഠൻ ഇടക്കോട് 

നിങ്ങൾക്കറിയാമോ വലിയ പദവി ഒന്നും ആഗ്രഹിച്ചിരുന്ന ആളല്ല ഞാൻ. ജന്മനാ ഉണ്ടായ ഈ വലിയ ശരീരത്തിൽ ആകൃഷ്ടരായ നിങ്ങളാണ് എന്നെ വലുതാക്കിയത്. കരിയിലയും, ചുള്ളികൊമ്പുകളും ചവിട്ടി മതിച്ചു കാട് ഇളക്കിനടക്കുമ്പോൾ എതിരെ വരുന്നത് രാജാവാണോ പ്രജയാണോ എന്നൊന്നും ഞാൻ നോക്കാറില്ല. മുന്നിലായാലും, പിന്നിലായാലും ശത്രുവാണെന്ന് മനസിലായാൽ എന്റെ വലിയചെവി വട്ടം പിടിച് അവന്റെ മുരടനക്കം പോലും ഹൃദിസ്തമാക്കാനുള്ള കഴിവ് എനിക്കുണ്ട്.

നിങ്ങൾ വിചാരിക്കും പോലെ ഞാനൊരു വലിയ പ്രശ്നക്കാരനൊന്നുമല്ല. ഒരു സസ്യഭുക്ക് ആയ ഞാൻ എനിക്കാവശ്യമുള്ളത് മാത്രമേ ഭക്ഷിക്കാറുള്ളൂ. നിങ്ങൾ മനുഷ്യരെ പോലെ ശേഖരിച്ചു വെച്ചു കഴിച്ചശേഷം വേണ്ടാത്തവ അന്യന്റെ അതിർത്തിയിൽ കൊണ്ട് തട്ടാറില്ല.
എനിക്കനവധി സുഹൃത്തുക്കൾ കാട്ടിലുണ്ട്. ഞാൻ അണ്ണാറക്കണ്ണനോട് സംസാരിക്കും, കുയിലിന്റെ പാട്ട് കേൾക്കും, മുയലിനോടൊത്തു മണ്ണുവാരി കളിക്കും, കിട്ടുന്ന കായ്കനികൾ പങ്കുവച്ചാസ്വദിക്കും. ലോക്കറും, ബംഗറും ഒക്കെയായി സ്വന്തം ജീവിതം ആസ്വദിക്കുന്ന നിങ്ങൾക്കത് മനസിലാകില്ല.

രാത്രിയും, പകലും എനിക്കന്യമല്ല. മഴയും വെയിലും എന്റെ ജീവിതത്തിന്റെ ഭാഗം മാത്രം. നിങ്ങൾ മനുഷ്യരുണ്ടാക്കുന്ന കാട്ടുതീ. അതേറെ കഠിനം തന്നെയാണ്. അത് വന്നാൽ ജീവനും കൈയിൽ പിടിച് ഓടുകയല്ലാതെ വേറെ നിവർത്തിയില്ല. എന്നെയും എന്റെ പൂർവികരെയും നിങ്ങളെത്രെ കൊന്നൊടുക്കിയിരിക്കുന്നു. എന്തിനെന്നറിയാമോ, കൊമ്പുകളായി രൂപാന്തരം പ്രാപിച്ച എന്റെ പല്ലുകളെ പിഴുതെടുക്കാൻ. എന്നിട്ടവ നിങ്ങളുടെ ഓഫീസുകളിലും, ഭവനങ്ങളിലും വലിയ ആഢ്യതയോടെ പ്രദർശിപ്പിക്കും, എന്തിനേറെ എന്റെ വാലിന്റെ അറ്റത്തുള്ള ചെറുരോമങ്ങളെ പോലും നിങ്ങൾ വെറുത വിടാറില്ല. ഇതൊക്ക ചെയ്യുന്ന മനുഷ്യാ നിന്നെ വിളിക്കാൻ എന്റെ എന്റെ നിഘണ്ടുവിലുള്ള ഏറ്റവും ലളിതമായ ഭാഷയാണ് വിഡ്ഢിയെന്ന്.

എനിക്കറിയാം ഇന്നല്ലങ്കിൽ നാളെ ഇരുകാലി മൃഗമെന്നറിയപ്പെടുന്ന ഹോമോസാപിയൻ വിഭാഗത്തിൽ പെട്ട, നിർമ്മിത ബുദ്ധിയാൽ വികസിതമായ കേവലം നിസ്സാരനായ നീ എന്നെയും കീഴ്പെടുത്തുമെന്ന്. എന്നിട്ട് നിങ്ങൾ അർപ്പോ വിളിച്ച് എന്നെയും ആനയിക്കും. കുങ്കിയെന്ന ഓമനപേരിൽ അല്ലെങ്കിൽ നാട്ടാനയായി മറ്റൊരുപേരിൽ. നാട് മുഴുവൻ ഫ്ളക്സ് ബോർഡും, ചെണ്ട കൊട്ടലും, വഴിപാടും. എനിക്കതിൽ താല്പര്യം ഇല്ല മിസ്റ്റർ.
നിങ്ങളും നിങ്ങളുടെ പ്രകൃതി സ്നേഹവും കപടമാണ്. വാക്കിലും, എഴുത്തിലും, പ്രസംഗത്തിലും മാത്രം അത് ഒതുങ്ങി നിൽക്കുന്നു. രാത്രിയുടെ മറവിൽ നിങ്ങൾ കാട്ടുന്ന കുംഭകോണങ്ങൾക്ക് ഞാനും എന്റെ സഹജീവികളും മൂക സാക്ഷികളാണ്. കാഴ്ചക്കും, വേഴ്ചക്കും, അലങ്കാരങ്ങൾക്കുമായി നിങ്ങൾ കടത്തികൊണ്ട് പോകുന്ന വനവിഭവങ്ങൾ വർണ്ണനാതീതമാണ്. സ്വാർത്ഥമതിയായ നീ സ്വാഭാവിക പരിണാമത്തിന്റെ ഭാഗമായി സർവ്വതിനെയും നിയന്ത്രണവിധേയമാക്കി. പുതിയ കണ്ടുപിടിത്തങ്ങളിലൂടെ വിജ്ഞാനം വിരൽ തുമ്പുകളിലെത്തിച്ചു. നിനക്കന്യമായവയെ പാർശ്വാവൽക്കരിച്ചു, അല്ലാത്തവയെ കൊന്നൊടുക്കി, ഇണങ്ങുന്നവയെ കൂടെ നിർത്തി.

ഓർക്കുക മനുഷ്യാ വല്ലപ്പോഴും പുതിയ മേച്ചിൽ പുറങ്ങൾ തേടി നീ പോയതുപോലെ ജീവിത സന്ധാരണത്തിനായി, മരിക്കും വരെ ജീവിക്കുവാനായി, ഞാനും എന്റെ സഹ ജീവികളും പുറപ്പെട്ടാൽ അതിശയിക്കേണ്ടതില്ല. വല്ലപ്പോഴും യാത്രക്കിടയിൽ കിട്ടുന്ന അരി കഴിക്കുന്ന എന്നെ അരികൊമ്പൻ എന്ന് വിളിക്കുമ്പോൾ മൂന്നു നേരവും അരിയാഹാരം കഴിക്കുന്ന നിന്നെ ഞാൻ എന്ത് വിളിക്കണം ഹേ.........

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed