ഒന്നാം ഓണം


മണികണ്ഠൻ ഇടക്കോട്

ചെറുകഥ

വിറ്റ് ഉണ്ണാൻ കാണമില്ലാത്ത ഈ ഓണത്തിന് ഉമ്മറത്തിട്ട ഇരുമ്പ് കസേരയിൽ ചാഞ്ഞിരിക്കുമ്പോൾ കുടയില്ലാതെ റെയിൻ കോട്ട് അണിഞ്ഞു മുമ്പിൽ വന്നു മുരടനക്കിയ അതിഥിയെ നോക്കി. ചിങ്ങമാസത്തിലെ ചന്നം പിന്നം പെയ്യുന്ന മഴയിൽ നെടുവീർപ്പിട്ടുകൊണ്ട് നരച്ച പുരിക കൂടിനുള്ളിലെ കൃഷ്ണമണികൾ കഴിയാവുന്നത്ര ക്രോടീകരിച്ചു. ഇടം തോളിൽ കിടന്ന മുഷിഞ്ഞ തോർത്ത്‌ എടുത്ത് മുഖം തടവികൊണ്ട് ആരാഞ്ഞു. ആരാ എന്ത് വേണം. ഗൗണിനുള്ളിലെ കുടവയർ കുലുങ്ങി. പിന്നെയും കുലുങ്ങി. കുലുങ്ങി ചിരിച്ചു.
എന്നെ മനസിലായില്ലേ
ഇല്ല ചോദ്യവും ഉത്തരവും ഒരുമിച്ചായിരുന്നു.
മുറ്റത്തേക്ക് ഞാന്നു നിൽക്കുന്ന ഞാലി പൂവൻ വാഴയിലെ ചെറു കുലയിലേക്ക് ഓടിയെത്തിയ ഒരണ്ണാറക്കണ്ണൻ അതിലെ തേൻ നുകർന്നുകൊണ്ട് ചിലച്ചു. രണ്ടു കൈകളും വായിൽ വച്ച് ഞങ്ങളെ നോക്കി മന്ദഹസിച്ചു. ഞങ്ങൾ ശ്രദ്ധിക്കാത്തത് കൊണ്ടാകണം അവൻ പിന്നെയും പിന്നെയും ഉച്ചത്തിൽ ചിലച്ചു കൊണ്ടേയിരുന്നു.
എന്നാൽ ഞാനങ്ങോട്ട്. ...
തന്റെ ഇടതു കൈ വിരലുകൾ കൊണ്ട് പ്രൗഢിയുടെ പരിചേദമായ കൊമ്പൻ മീശ ഇരുവശങ്ങളി ലേക്കും വകഞ്ഞു കൊണ്ട് അതിഥി ചോദിച്ചു.
ഇരിക്കൂ ആരാന്നു പറഞ്ഞില്ലല്ലോ. ഇരുമ്പിന്റെ കസേര മുന്നോട്ട് വലിച്ചിട്ടു അഗതനെ ക്ഷണിച്ചു.
ഒരു മടിയും കൂടാതെ അതിഥി കസേര ലക്ഷ്യമാക്കി മുന്നോട്ട് വന്നു. റെയിൻ കോട്ട് ഊരി കസേരയുടെ പിൻഭാഗത്തു തൂക്കി. ആരോഗ്യ ദൃഢഗാത്രൻ, മുഖത്തിന്‌ ചേർന്ന കൊമ്പൻ മീശ, ലേശം കുടവയർ നീളൻ കസവു ജുബ്ബാക്കുള്ളിൽ പാകമായിരിക്കുന്നു. പാളക്കരയൻ മുണ്ട്, ശ്രേഷ്ടമായ മെതിയടി റോസാപ ദളങ്ങൾ പോലുള്ള പാദങ്ങളെ കവചിതമാക്കിയിരിക്കുന്നു.
ചീകിമിനുക്കിയ കേശഭാരത്തിൽ ഒന്ന് രണ്ടെണ്ണം കുങ്കുമ കുറി ചാർത്തിയ നെറ്റിയിലേക്ക് അടർന്നുവീണിരിക്കുന്നു.
ഏതെങ്കിലും രാജ്യത്തെ രാജാവാണോ. ഞാൻ മന്ത്രിച്ചു.
അതെ രാജാവാണ്.
ദൈവമേ അദ്ദേഹം കേട്ടിരിക്കുന്നു. ഞാൻ കൂടുതൽ വിനയാനിത്വനായി.
അല്ല ഞാൻ രാജാവായിരുന്നു.
അദ്ദേഹം തുടർന്നു.
ഏതു രാജ്യത്തെ എന്ന എന്റെ ചോദ്യത്തിന് ആയുസ്സുണ്ടായിരുന്നില്ല.
ഈ രാജ്യത്തെ.. കേരളം ഭരിച്ചിരുന്ന രാജാവാണ് ഞാൻ. മഹാബലി തമ്പുരാൻ, അത്മാഭിമാനത്തോടെ അദ്ദേഹം പറഞ്ഞു.
ചെത്തി തേച്ചിട്ടില്ലാത്ത എന്റെ മൺകൂരക്കുളിൽ വന്നിരിക്കുന്ന മഹാന്റെ മുൻപിൽ തൊഴുകൈകളോടെ നമ്രശിരസ്കനായി.
ആളും, ആരവവും, അർഭാടവവും ഇല്ലാത്ത സൈന്യമോ സൈന്യാധിപനോ ഇല്ലാതെ ഒരു പച്ചയായ മനുഷ്യൻ. ശരിക്കും ഒരു മഹാരാജൻ പ്രജാ ക്ഷേമ തല്പരനായ ജനമനസുകളിൽ ജീവിക്കുന്ന രാജാധിരാജൻ.
ഒട്ടിയ വയറും, കുണ്ടിൽ വീണ കണ്ണുകളും, മുഖത്തും തലയിലും നര കേറിയ കുറ്റി രോമങ്ങളും,ജീവിത ഭാണ്ഡം ചുമലിൽ ഏറ്റിയതിന്റെ കൂനും കിതപ്പും. ജീർണതയുടെ പരിച്ഛേദമായി ഈ ഞാനും.
മഴ മേഘങ്ങൾ ഉരുണ്ടു കൂടി, സൂര്യ പ്രഭ തടയപെട്ടു, ചിലച്ചു കൊണ്ടിരുന്ന അണ്ണാറക്കണ്ണൻ എങ്ങോ പോയ്‌ മറഞ്ഞു, കുരുവികളെല്ലാം ചേക്കേറി.
അലമുറ ഇട്ടെത്തിയ കാറ്റിനൊപ്പം പേമാരി കോരി ചൊരിഞ്ഞു. ഓല ചാലിലൂടെ അരിച്ചിറങ്ങിയ ജാലകണങ്ങൾ എന്നെയും രാജനെയും ഒരുപോലെ നനയിച്ചു. രാജാവും പ്രജയും ഒന്നാവുന്ന അപൂർവ്വ കാഴ്ച.
ജനാധിപത്യത്തിൽ നിങ്ങൾക്കേവർക്കും ക്ഷേമം തന്നെയല്ലേ? രാജൻ ചോദ്യം ഉന്നയിച്ചു.
ഉത്തരം കിട്ടാൻ വൈകിയ രാജൻ ചോദ്യമുനകൾ തന്റെ കണ്ണുകലേക്ക് ആവാഹിച്ച് എന്നിലേക്കെയ്തു.
തോഴുകൈകളുമായി നിന്ന എന്നിലെ മൗനം എന്നെ തന്നെ കുത്തി നോവിച്ചു.
അതിപ്പോ. ...
എന്താ കാര്യം പറയു
രാജൻ സൗമ്യ ഭാവം വെടിഞ്ഞിരിക്കുന്നു.
ഈ മാസം കിറ്റ് കിട്ടിയില്ല, മെഷീൻ കേടായതിനാൽ അരിയും കിട്ടിയില്ല.
ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാമെങ്കിലും ചില സത്യങ്ങൾ പറയാതെ വയ്യല്ലോ.
അപ്പോ...
അതെ രാജൻ അർത്ഥ പട്ടിണിയിലാണ്.
ചോദ്യം പൂർത്തിയാക്കും മുൻപേ മറുപടി പറഞ്ഞു.
മാലോകരെല്ലാം ഒന്ന് പോലെയല്ലേ?
നിസ്സംഗത ആയിരുന്നു മറുപടി.
ജനാധിപത്യത്തിൽ ജനങ്ങൾ അല്ലെ രാജാക്കൻമാർ?
അതെ
എന്നിട്ട്?
അടരുവാൻ ശേഷിയില്ലാത്ത കണ്ണീർ കണങ്ങൾ കൺപോളകളിൽ തങ്ങി നിന്നു.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ വോട്ടിങ് വരെ മാത്രമേ പൗരൻമാർ രാജാക്കൻമാർ ആകൂ. പിന്നെ അവർ അടിമകൾ മാത്രമാണ് വെറും അടിമകൾ. ചുങ്കം നൽകാൻ വേണ്ടി മാത്രം വിധിക്കപ്പെട്ട കീഴാളജന്മങ്ങൾ.
പെൻഷനും മറ്റു പദ്ധതികളൊന്നും ഇല്ലേ?
രാജൻ കൂടുതൽ ആകാംക്ഷ കാട്ടി
ഖജനാവിന്റെ സ്ഥിതി വച്ച് മാലോകരെല്ലാം മുണ്ട് മുറുക്കി ഉടുക്കണമെന്നാണ് വെളിപാട്.
ജനാധിപത്യത്തിൽ നിങ്ങൾക്ക് പ്രതികരിക്കാമല്ലോ. രാജൻ ആരാഞ്ഞു.
കല്പന കല്ല് പിളർക്കും
അത് രാജഭരണത്തിലല്ലേ?
രാജൻ ഇടക്ക് കയറി പറഞ്ഞു
എന്നാണ് വയ്പ് പക്ഷെ. ...
എന്റെ വായ്താരികൾ വീണുടയും മുൻപ്‌ രാജൻ ഇടപെട്ടു.
എന്ത് പക്ഷെ?
ഘനമേറിയ ചിന്താധാരയിൽ മിന്നൽ പിണർ ആഞ്ഞു പതിച്ചു.
പ്രയാസമാണ് രാജൻ, എതിർ ശബ്ദങ്ങളെ അടിച്ചമർത്തും, ജയിൽ വാസം സുനിശ്ചിതമാക്കും.
ഓഹോ അങ്ങനെയാണോ?
ഒഴുകി പോകാനാകാതെ മുറ്റത്തു താളം തുള്ളി നിൽക്കുന്ന മഴ വെള്ളത്തിൽ ശ്രദ്ധ ഊന്നികൊണ്ട് രാജൻ വീണ്ടും.
എന്താ മഴ വെള്ളം കെട്ടി നിൽക്കുന്നത്. ഋതുമതിയായ ഒരു കുഞ്ഞുറുമ്പ് എന്റെ കാൽപാദത്തിൽ അഭയാർത്ഥി ആയി ചേക്കേറി.
മാലിന്യ കൂമ്പാരം കൊണ്ട് നമ്മുടെ പുഴകളും തോടുകളും മരിച്ചിരിക്കുന്നു. ഊര് വിലക്കപ്പെട്ട മഴവെള്ളം ഉരുൾ പൊട്ടലായി. പിന്നെയവ ഏറെ ജീവനുകൾ അപഹരിക്കും.
ഉഗ്ര പ്രതാപിയും പ്രജാ വത്സലനും ആയിരുന്ന രാജന്റെ കണ്ണുകൾ ഈറനണിഞ്ഞു.
പെൻഷൻ കിട്ടുന്നുണ്ടാവുമല്ലോ?
പ്രതീക്ഷയുടെ മൺ തരികൾ ചവുട്ടി കൊണ്ട് അദ്ദേഹം ചോദിച്ചു.
തിരുവുള്ളക്കേട് ഉണ്ടാകരുത് രാജൻ, നികുതിയും അധിക നികുതിയും ചുമത്തിയിട്ടും ഖജനാവ് കാലിയാണ് എന്നാണ് അറിയിപ്പ്.
പെയ്തൊഴിഞ്ഞ കാർമേഘങ്ങൾ, തെളിഞ്ഞ ആകാശം, അകലേക്ക്‌ കൺ നട്ടിരിക്കുന്ന രാജൻ ഒരു ദീർഘനിശ്വാസത്തിൽ എന്നിലേക്ക്‌ തിരിച്ചു വന്നു.
അലാംബമില്ലാതെ തൊഴുകൈകളോടെ നിൽക്കുന്ന എനിക്ക് മുൻപിൽ മന്ദസ്മിതം തൂകി.
മറക്കില്ല മനുഷ്യാ നിന്റെ വേദന നാം മനസിലാക്കിയിരിക്കുന്നു
എന്നെ ചേർത്ത് നിർത്തികൊണ്ട് അദ്ദേഹം പറഞ്ഞു.
ഈ തോടുകളും പാടങ്ങളും ഞാൻ ജീവസ്സുറ്റതാക്കും, ഒപ്പം നിങ്ങളുടെ ജീവിതവും.
രാജ്യം ഏതായാലും പ്രജാ ക്ഷേമ തൽപരനായിരിക്കണം ഭരണാധികാരി അവർക്കെ നിലനിൽപ്പുള്ളൂ, അവരെ നീണാൾ വാഴൂ. ജന മനസുകളിൽ അവർക്കെ സ്ഥാനം കിട്ടു.
രാജന്റെ പ്രതീക്ഷാ നിർഭരമായ വാക്കുകൾ എന്നിലെ മുറിവേറ്റ ഹൃദയത്തിന് ഉണർവേകി.
ആശകൾ ആകാശത്തോളം പറന്നുയർന്നു.
നാളത്തെ പൊൻപുലരി തിരുവോണത്തിന്റെതാണ്.
ഉത്രാടത്തിന്റെ ഉച്ച മയക്കത്തിൽ നിന്ന് ഞെട്ടി ഉണർന്ന ഞാൻ ഉത്രാട പാച്ചിലിൽ മുങ്ങി ഒഴുകി.
പൂവേ പൊലി.... പൂവേ പൊലി....

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed