പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബർ‍ വിടവാങ്ങുന്നു; മുഴുവന്‍ പാട്ടുകളുടെയും അവകാശം 1644 കോടി രൂപയ്ക്ക് കൈമാറി


കനേഡിയന്‍ പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബർ‍ കരിയർ‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോർ‍ട്ട്. ബീബറിന്റെ മുഴുവന്‍ പാട്ടുകളുടെയും അവകാശം 1644 കോടി രൂപയ്ക്ക് യൂനിവേഴ്സൽ‍ മ്യൂസിക് ഗ്രൂപ്പിന് കൈമാറി. ലോകത്താകമാനം കോടിക്കണക്കിന് ആരാധകരുള്ള പാട്ടുകാരനാണ് ബീബർ. ഗായകന്റെ പെട്ടെന്നുള്ള വിരമിക്കൽ വാർത്ത വലിയ ഞെട്ടലാണ് സംഗീതപ്രേമികൾക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്.  2021ൽ‍ പുറത്തിറങ്ങിയ ‘ജസ്റ്റിസ്’ ആണ് ബീബറിന്റെ അവസാന ആൽ‍ബം. പതിനഞ്ചാം വയസ്സിൽ പാട്ടുമായി ലോകത്തിനു മുന്നിലെത്തിയതാണ് ജസ്റ്റിൻ ബീബർ. കുട്ടിക്കാലം മുതൽ‍ തന്നെ ബീബർ‍ സംഗീതത്തിൽ‍ താൽ‍പര്യം പ്രകടിപ്പിച്ചിരുന്നു. തന്റെ മറ്റു കുടുംബാംഗങ്ങളെ കാണിക്കുവാനായി ബീബറുടെ മാതാവ് യൂട്യൂബിൽ‍ അപ്ലോഡ് ചെയ്ത വീഡിയോകൾ‍ ഒരു റെക്കോർ‍ഡിങ് കമ്പനിയുടെ മാർ‍ക്കറ്റിങ് എക്‌സിക്യുട്ടീവ് കാണാനിടയായതാണ് ബീബറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. തുടർ‍ന്ന് പ്രശസ്ത പോപ് ഗായകനായ അഷറുമായി ബീബറിന് പരിചയപ്പെടാന്‍ അവസരം ലഭിക്കുകയും ചെയ്തു.    

യൂ ട്യൂബിലൂടെ ഹിറ്റായ ഏറ്റവും വലിയ ഗായകൻ എന്നാണ് ബീബർ അറിയപ്പെടുന്നത്. 2010 ലെയും 2012−ലെയും അമേരിക്കന്‍ സംഗീത പുരസ്‌കാരം ഉൾ‍പ്പെടെ നിരവധി പുരസ്‌കാരങ്ങൾ‍, നേടിയിട്ടുള്ള ഇദ്ദേഹത്തിന്റെ ആരാധകവൃന്ദം’ബിലീബേർ‍സ്’ എന്നാണ് അറിയപ്പെടുന്നത്. 2011, 2012, 2013 വർ‍ഷങ്ങളിൽ‍ ഫോർ‍ബ്‌സ് മാസിക ലോകത്തിലെ പത്ത് മുൻ‍നിര സെലിബ്രിറ്റികളുടെ പട്ടികയിൽ‍ ബീബറെ ഉൾ‍പെടുത്തിട്ടുണ്ട്. ഇപ്പോൾ 29ാം വയസ്സിലാണ് ഗായകൻ സംഗീതലോകത്തോടു വിടപറയുന്നത്. അനാരോഗ്യവും സ്വകാര്യജീവിതത്തിലെ പ്രശ്നങ്ങളുമാണ് ഗായകന്റെ ഈ അപ്രതീക്ഷിത തീരുമാനത്തിനു പിന്നിലെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ജൂണിൽ‍ ജസ്റ്റിൻ ബീബറിന് റാംസേ ഹണ്ട് സിന്‍ഡ്രോം എന്ന രോഗം ബാധിച്ചിരുന്നു. തുടർന്ന് മുഖത്തിന്റെ ഒരു ഭാഗം ചലിപ്പിക്കാനോ കണ്‍പോള അടയ്ക്കാനോ ചിരിക്കാനോ കഴിയാത്ത അവസ്ഥയിൽ‍ എത്തി. ആരോഗ്യസ്ഥിതി വീണ്ടും വഷളായതോടെ ഗായകൻ ലോകപര്യടനം റദ്ദ് ചെയ്തിരുന്നു.      

അടുത്തിടെ ജസ്റ്റിന്റെ ‌ഭാര്യ ഹെയ‌്‌ലി, ഗായകന്റെ മുൻ കാമുകി സെലീന ഗോമസിനെ പരിഹസിക്കുന്ന വിഡിയോ പ്രചരിച്ചിരുന്നു. തുടർന്ന് സെലീനയുടെ ആരാധകരിൽ‍ നിന്ന് ബീബർക്ക് സമൂഹമാധ്യമങ്ങളിലൂടെ വധഭീഷണി വരെ നേരിട്ടു. പിന്നാലെയാണ് ഗായകൻ സംഗീതജീവിതം അവസാനിപ്പിക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.

article-image

ester

You might also like

Most Viewed