മണിച്ചിത്രത്താഴിന്റെ ബോളിവുഡ് പതിപ്പ് ഭൂൽ ഭുലയ്യയ്ക്ക് രണ്ടാം ഭാഗം

കേരളത്തിന്റെ അഭിമാനമായ ക്ലാസിക് സെക്കോളജിക്കൽ ത്രില്ലർ ചലച്ചിത്രമാണ് മണിച്ചിത്രത്താഴ്. മണിച്ചിത്രത്താഴ് മലയാളക്കരയാകെ വിസ്മയം സൃഷ്ടിച്ചതിന് പിന്നാലെ ചിത്രത്തിന് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ റീമേക്കുണ്ടായി. എത്രയൊക്കെ പതിപ്പുകൾ ഇറങ്ങിയാലും മലയാള സിനിമയുടെ തട്ട് താണ് തന്നെയിരിക്കുമെന്നാണ് ഓരോ റീമേക്കുകൾ പുറത്തിറങ്ങുമ്പോഴും മലയാളികൾ ഒന്നടങ്കം പറയാറ്. എന്നാൽ മലയാളത്തിനേയും കടത്തിവെട്ടി രണ്ടാം വരവിനായി തയാറായി നിൽക്കുകയാണ് മണിച്ചിത്രത്താഴിന്റെ ഹിന്ദി പതിപ്പായ ഭൂൽ ഭുലയ്യ. ഇപ്പോഴിതാ ഭൂൽ ഭുലയ്യയുടെ ട്രെയിലറും പുറത്തിറങ്ങിയിരിക്കുകയാണ്.
ഭൂൽ ഭുലയ്യ സംവിധാനം ചെയ്തിരുന്നത് പ്രിയദർശൻ ആയിരുന്നു. എന്നാൽ ഭൂൽ ഭുലയ്യ രണ്ടാമതും അണിയിച്ചൊരുക്കിയിരിക്കുന്നത് അനീസ് ബസ്മിയാണ്. കാർത്തിക് ആര്യനാണ് ചിത്രത്തിലെ നായകൻ. മലയാളത്തിൽ ശോഭന അനശ്വരമാക്കിയ ഗംഗ−നാഗവല്ലി വേഷങ്ങൾ ഹിന്ദിയിൽ ചെയ്തിരുന്നത് വിദ്യാ ബാലൻ ആയിരുന്നു. ഭൂൽ ഭുലയ്യ രണ്ടിൽ തബു, കിയാര അദ്വാനി, രാജ്പാൽ യാദവ്, സഞ്ജയ് മിശ്ര എന്നിവർ സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.
ഹൊററിന് ഒപ്പം പരമാവധി ഹ്യൂമർ കൂടി ഉൾപ്പെടുത്തിയാണ് ചിത്രം ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാകുന്നുണ്ട്. മഞ്ജുലിക എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റി തന്നെയാണ് കഥ വികസിക്കുന്നതെന്ന സൂചനയും ട്രെയിലർ നൽകുന്നുണ്ട്. മികച്ച സംഗീതവും നൃത്തരംഗങ്ങളും തന്നെയാകും ചിത്രത്തിലുണ്ടാകുകയെന്നും ട്രെയിലർ അടിവരയിടുന്നുണ്ട്.