ജോൺ പോളിന്റെ മരണം; ആംബുലൻസും ഫയർ ഫോഴ്‌സും സഹായിച്ചില്ലെന്ന് നടൻ കൈലാഷ്

അന്തരിച്ച തിരക്കഥാകൃത്ത് ജോൺ പോളിന് ഉണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് നടൻ കൈലാഷ്. മൂന്നുമാസം മുന്‍പ് കട്ടിലിൽ നിന്ന് നിലത്ത് വീണ ജോൺ പോൾ മൂന്ന് മണിക്കൂറോളം തറയിൽ കിടന്നിരുന്നതായി കൈലാഷ് പറഞ്ഞു. ഈ വിവരം ആംബുലൻസ്, ഫയർഫോഴ്‌സ് അധികൃതരെ അറിയിച്ചെങ്കിലും സഹായത്തിന് എത്തിയില്ല. ആശുപത്രിക്ക് മാറ്റാൻ ആണെങ്കിൽ വരാമെന്നായിരുന്നു അവരുടെ മറുപടി. തണുത്ത നിലത്ത് മണിക്കൂറോളം കിടന്നത് അദ്ദേഹത്തെ ബുദ്ധിമുട്ടുണ്ടാക്കി. മണിക്കൂറുകൾക്ക് ശേഷം പാലാരിവട്ടം പൊലീസാണ് സഹായത്തിന് എത്തിയതെന്നും കൈലാഷ് മാധ്യമങ്ങളോട് പറഞ്ഞു.
ജനുവരി 21നാണ് സംഭവമുണ്ടായത്. സംഭവത്തിൽ അധികാരികൾ ഇടപെടുമെന്ന് പ്രതീക്ഷയെന്നും കൈലാഷ് പറഞ്ഞു. ഈ ദുരനുഭവം തുറന്നു പറഞ്ഞ് നടൻ ജോളി ജോസഫ് നേരത്തെ രംഗത്തെത്തിയിരുന്നു. ജോൺ പോളിന്റെ മരണം ആരോഗ്യരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമതാക്കുറവ് കൊണ്ട് സംഭവിച്ചതാണെന്നാണ് ജോളി ജോസഫ് പറഞ്ഞത്. സംഭവ സമയത്ത് നടൻ കൈലാഷ്, ഭാര്യ, നടൻ ദിനേഷ് പ്രഭാകർ എന്നിവർ ഒപ്പമുണ്ടായിരുന്നതായി ജോളി ജോസഫ് പറഞ്ഞിരുന്നു. ജോളി ജോസഫിന്റെ ഫേസ് ബുക്ക് കുറിപ്പ് കൈലാഷ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.