ഷൈനും രജിഷയും ഒന്നിച്ച ‘ലവ്’ ഐ.എഫ്.എഫ്.കെയിലേക്ക്
കൊച്ചി: ഷൈൻ ടോം ചാക്കോ− രജിഷ വിജയൻ ചിത്രം ലവ് ഇരുപത്തിയഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്. മലയാളം സിനിമ ടുഡേ കാറ്റഗറിയിലാണ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ലവ് പ്രദർശിപ്പിക്കുന്നത്. ത്രില്ലർ വിഭാഗത്തിൽ ഒരുക്കിയ ചിത്രത്തിൽ ദീപ്തി− അനൂപ് എന്ന ദന്പതികളുടെ വേഷത്തിലാണ് രജിഷയും ഷൈനും എത്തിയത്.
വിവാഹശേഷം ഇരുവരുടേയും കുടുംബ ബന്ധത്തിലുണ്ടാകുന്ന ചില തർക്കങ്ങളും തുടർന്നുണ്ടാകുന്ന സംഘർഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. നേരത്തെ ജി.സി.സിയിലും യുഎയിലും ചിത്രം റിലീസ് ചെയ്തിരുന്നു. ലോക്ക്ഡൗണിൽ തിയേറ്ററുകൾ അടച്ചിട്ട് തുറന്നതിന് ശേഷം ജി.സി.സിയിലും യുഎയിലും റിലീസ് ചെയ്ത ആദ്യ മലയാള ചിത്രം കൂടിയാണ് ലവ്.
കോവിഡ് കാലത്ത് ചിത്രീകരണം പൂർത്തിയായ ആദ്യ മലയാള സിനിമ കൂടിയാണ് ലവ്. 24 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട എന്നീ ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ ഒരുക്കിയ ലവ് നിർമ്മിച്ചത് ആഷിഖ് ഉസ്മാനാണ്. ഗോകുലൻ, വീണ നന്ദകുമാർ, ജോണി ആന്റണി, സുധി കോപ്പ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തി. ജിംഷി ഖാലിദ് ഛായാഗ്രാഹണവും നൗഫൽ അബ്ദുള്ള എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു. യാക്‌സൻ ഗാരി പെരേരയും നേഹ എസ് നായരുമാണ് സംഗീത സംവിധാനം.