ഇനി ആധാർ രേഖകൾ വീട്ടിലിരുന്ന് പുതുക്കാം
ന്യൂഡൽഹി: ഇനി വീട്ടിലിരുന്നും ആധാർ രേഖകൾ ഓൺലൈനായി പുതുക്കാം. കോവിഡ് വ്യാപനത്തെതുടർന്ന് ആധാർ സേവാകേന്ദ്രത്തിൽ പോയി കാർഡിൽ മാറ്റം വരുത്താൻ സാധിക്കാത്ത സാഹചര്യം കണക്കിലെടുത്താണ് യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ)അധികൃതരുടെ പുതിയ നീക്കം. പേര്, ജനന തിയതി, ലിംഗം, വിലാസം, ഭാഷ എന്നിവ പുതുക്കാൻ ഇനി ആധാർ സേവാകേന്ദ്രങ്ങളിൽ പോകേണ്ടതില്ല. ബയോമെട്രിക് ഉൾപ്പടെയുള്ളവയ്ക്ക് സേവനകേന്ദ്രങ്ങളുടെ സഹായം തേടേണ്ടിവരും. ആധാർ വിവരങ്ങൾ ഓൺലൈനിൽ പുതുക്കാൻ മൊബൈൽ നന്പർ രജിസ്റ്റർ ചെയ്തിരിക്കണമെന്ന് നിർബന്ധമാണ്. മൊബൈലിൽ ലഭിക്കുന്ന ഒടിപി നൽകിയാൽ മാത്രമെ പുതുക്കൽ സാധ്യമാകൂ.
ആധാറിൽ നൽകിയിട്ടുള്ള മൊബൈൽ നന്പറും ഇ−മെയിലും പരിശോധിക്കുന്നതിന് യുഐഡിഎഐയുടെ വെബ്സൈറ്റിൽ സൗകര്യമുണ്ട്. സൈറ്റിൽ ആധാർ നന്പർ, ഇ−മെയിൽ വിലാസമോ മൊബൈൽ നന്പറോ നൽകി സെക്യൂരിറ്റി കോഡ് ടൈപ്പ് ചെയ്യുക. ഉടനെ ഇ−മെയിലിൽ ഒടിപി ലഭിക്കും. നിശ്ചിത സ്ഥലത്ത് ഒടിപി നൽകിക്കഴിഞ്ഞാൽ പരിശോധനയ്ക്കുശേഷം ഇ−മെയിൽ സ്ഥിരികരിച്ചുകൊണ്ടുള്ള അറിയിപ്പ് ലഭിക്കും. അതുപോലെ മൊബൈൽ നന്പർ പരിശോധിക്കാൻ, ഇ−മെയിലിനുപകരം മൊബൈൽ നന്പർ നൽകാം. ഒടിപി നൽകി ഇക്കാര്യവും സ്ഥിരീകരിക്കാം.




