‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘ആറാട്ടി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ‘നെയ്യാറ്റിന്‍കര ഗോപന്‍’ സ്വന്തം ബെന്‍സ് കാറിന്റെ ഡോര്‍ തുറന്ന് പുറത്തിറങ്ങുന്നതിന്റെ പിന്നില്‍ നിന്നുള്ള ഷോട്ട് ആണ് ഫസ്റ്റ് ലുക്കില്‍. ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ ടൈറ്റില്‍. കഴിഞ്ഞ മാസം 23നാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചത്. സ്വദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ‘പുലിമുരുകന്’ ശേഷം ഉദയകൃഷ്ണ മോഹന്‍ലാലിനുവേണ്ടി തിരക്കഥയൊരുക്കുന്ന ചിത്രവുമാണ് ‘ആറാട്ട്’. ‘ഇട്ടിമാണി മേഡ് ഇന്‍ ചൈന’യ്ക്കു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന കോമഡിക്ക് പ്രാധാന്യമുള്ള ചിത്രമാണ് ഇത്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും എത്തുന്നുണ്ട്.

