സിനിമാപ്രവർത്തകരുടെ പ്രതിഫലം കുറയ്ക്കൽ; മാക്ടയ്ക്ക് യാതൊരു പങ്കുമില്ലെന്ന് ജയരാജ്
സിനിമാപ്രവർത്തകരുടെ വേതനം 50 ശതമാനവും ദിവസവേതനക്കാരുടേത് 25 ശതമാനവുമായി കുറയ്ക്കാൻ തയ്യാറാണെന്നും ഈ വിവരം പ്രൊഡ്യൂസേഴ്സ് അസോസിയേഷനെയും ഫിലിം ചേംബറിനെയും അറിയിച്ചിട്ടുണ്ടെന്നും വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ സംഘടനയ്ക്ക് പങ്കില്ലെന്ന് സംവിധായകൻ ജയരാജ്. മാക്ട ചെയർമാൻ കൂടിയായ അദ്ദേഹം പത്രക്കുറിപ്പിലൂടെ അറിയിച്ചതാണ് ഇക്കാര്യം.
മലയാള ചലച്ചിത്ര സാങ്കേതികപ്രവർത്തകരുടെ സാംസ്കാരിക സംഘടനയാണ് മലയാളം സിനിമ ടെക്നിഷ്യൻസ് അസോസിയേഷൻ എന്ന മാക്ട. ചലച്ചിത്രപ്രവർത്തകരുടെ തൊഴിൽപരമായ കാര്യങ്ങളിലും വേതന കാര്യങ്ങളിലും മാക്ട യാതൊരു വിധത്തിലും ഇടപെടാറില്ല. ചലച്ചിത്രപ്രവർത്തകരുടെ വേതനം 50 ശതമാനവും ദിവസവേതനക്കാരുടേത് 25 ശതമാനവുമായി കുറയ്ക്കാൻ തയ്യാറാണെന്നും ഈ വിവരം പ്രൊഡ്യൂസേഴ്സ് അസോസിയേഷനെയും ഫിലിം ചേംബറിനെയും അറിയിച്ചിട്ടുണ്ടെന്നും പല പ്രമുഖ ചാനലുകളിലും മാക്ടയുടെ പേരിൽ വന്നു കൊണ്ടിരിക്കുന്ന വാർത്തകളിൽ മലയാളം സിനി ടെക്നീഷ്യൻസ് അസോസിയേഷന് യാതൊരു പങ്കുമില്ലെന്ന് അറിയിച്ചു കൊള്ളുന്നു. ജയരാജ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

