നൃത്ത സംവിധായിക ബൃന്ദ മാസ്റ്റർ സംവിധായികയാകുന്നു
പ്രസിദ്ധ നൃത്ത സംവിധായിക ബൃന്ദ മാസ്റ്റർ തമിഴിൽ ഒരു ചിത്രം സംവിധാനം ചെയ്യുന്നു.തമിഴിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ ദുൽഖർ സൽമാനാണ് നായകൻ. ഫെബ്രുവരിയിൽ ചിത്രീകരണം തുടങ്ങുമെന്നറിയുന്നു. ഒരു ചലച്ചിത്രം സംവിധാനം ചെയ്യുകയെന്നത് ബൃന്ദ മാസ്റ്ററുടെ ദീർഘനാളത്തെ ആഗ്രഹമായിരുന്നു.അതാണ് യാഥാർത്ഥ്യമാകുന്നത്. ദുൽഖർ ഇപ്പോൾ ചെന്നൈയിൽ അനൂപ് സത്യൻ സംവിധായകനായി അരങ്ങേറുന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ്. 1998−ൽ മഞ്ജു വാര്യരെ നായികയാക്കി ഛായാഗ്രാഹകൻ വേണു സംവിധാനം ചെയ്ത ദയ എന്ന ചിത്രത്തിലെ കൊറിയോഗ്രാഫിക്ക് ബൃന്ദ മാസ്റ്റർക്ക് ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. രജനികാന്ത്,കമലഹാസൻ, മോഹൻലാൽ, വിജയ്, അജിത്ത്, സൂര്യ, ഐശ്വര്യ റായ് തുടങ്ങിയ പ്രമുഖ താരങ്ങൾക്ക് നൃത്ത രംഗങ്ങൾ ഒരുക്കിയിട്ടുണ്ട്. ആമിർ ഖാന്റെ പി.കെയുടെയും നൃത്ത സംവിധായികയായിരുന്നു ബൃന്ദ.

