ഇന്ത്യൻ സിനിമയുടെ 'ബിഗ് ബി'ക്ക് ഇന്ന് 84-ാം പിറന്നാൾ


ശാരിക

മുംബൈ: ഇന്ത്യൻ സിനിമയുടെ 'ബിഗ് ബി' അമിതാഭ് ബച്ചന് ഇന്ന് 84-ാം പിറന്നാൾ. ശബ്ദത്തിന് ഗാംഭീര്യമില്ലെന്ന കാരണത്താൽ ആകാശവാണിയിൽ ജോലി ലഭിക്കാതെ പോയ യുവാവ്, പിന്നീട് ഇന്ത്യൻ സിനിമയുടെ തന്നെ ശബ്ദവും മുഖവുമായി മാറി ലോകമെമ്പാടുമുള്ള ചലച്ചിത്ര ആസ്വാദകരുടെ ഹൃദയം കീഴടക്കുകയായിരുന്നു.

1942 ഒക്ടോബർ 11-ന് പ്രശസ്ത കവിയായ ഹരിവംശ് റായ് ബച്ചന്റെയും സാമൂഹിക പ്രവർത്തക തേജി ബച്ചന്റെയും മൂത്ത മകനായാണ് അമിതാഭ് ബച്ചന്റെ ജനനം. 1969-ൽ പുറത്തിറങ്ങിയ 'സാത്ത് ഹിന്ദുസ്ഥാനി'യിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. തുടർന്ന് ഹൃഷികേശ് മുഖർജിയുടെ 'ആനന്ദ്' എന്ന ചിത്രത്തിലൂടെയാണ് അമിതാഭ് ബച്ചൻ ആദ്യമായി വലിയ രീതിയിൽ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങുന്നത്. അന്നത്തെ സൂപ്പർതാരം രാജേഷ് ഖന്ന നായകനായ ചിത്രത്തിൽ ഡോക്ടർ ഭാസ്കർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് അദ്ദേഹം കയ്യടി നേടി.

പിന്നീട് 'സഞ്ജീർ' എന്ന ചിത്രത്തിലൂടെ കോപാകുലനായ യുവത്വത്തിന്റെ സിനിമ മുഖമായി അമിതാഭ് മാറുകയായിരുന്നു. സലീം-ജാവേദ് കൂട്ടുകെട്ടും അമിതാഭും ഒന്നിച്ച ചിത്രങ്ങളെല്ലാം വലിയ വിജയങ്ങളായി മാറി. യാഷ് ചോപ്രയ്ക്കൊപ്പം പ്രണയനായകനായും അദ്ദേഹം തിളങ്ങി. ഷോലെ, നമക് ഹലാം, അമർ അക്ബർ ആന്റണി, കഭി കഭി, അഭിമാൻ, മജ്ബൂർ, ചുപ്കെ ചുപ്കെ, ദീവാർ, മിസ്റ്റർ നട്വർലാൽ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ നായകനായും സ്വഭാവ നടനായും അദ്ദേഹം ബോളിവുഡ് അടക്കിവാണു.

ബോളിവുഡ് ആരാധകരെ പിടിച്ചുകുലുക്കിയ മറ്റൊരു സംഭവമായിരുന്നു 1982-ൽ 'കൂലി' സിനിമയുടെ ചിത്രീകരണത്തിനിടയിലുണ്ടായ ഗുരുതരമായ അപകടം. എന്നാൽ, രാജ്യമെമ്പാടുമുള്ള ആരാധകരുടെ പ്രാർത്ഥനകൾക്ക് വിരാമമിട്ട് മരണത്തെ തോൽപ്പിച്ച് അദ്ദേഹം തിരിച്ചെത്തുകയായിരുന്നു. അന്ന് തന്റെ 39-ാം വയസിൽ നേടിയ സൂപ്പർ മെഗാ സ്റ്റാർ താരപദവി ഇന്നും 84-ാം വയസിലും അദ്ദേഹം ഒരേപോലെ തുടരുന്നു. വിവിധങ്ങളായ കഥാപാത്രങ്ങളിലൂടെ ഇന്നും തലമുറകളെ അദ്ദേഹം അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ്. സെക്ഷൻ 84, ബ്രഹ്മാസ്ത്ര പാർട്ട് 2 തുടങ്ങിയവയാണ് അമിതാഭ് ബച്ചന്റേതായി ഇനി പുറത്തുവരാനുള്ള പ്രധാന ചിത്രങ്ങൾ.

article-image

fsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed