ഉണ്ണി മുകുന്ദന്റെ പേരില്‍ അശ്ലീലസന്ദേശം; പരാതിയുമായി അച്ഛന്‍
കൊച്ചി: ഉണ്ണി മുകുന്ദന്റെ പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി അശ്ലീലസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതായി പരാതി. ഉണ്ണി മുകുന്ദന്റെ അച്ഛന്‍ എം. മുകുന്ദനാണ് ഒറ്റപ്പാലം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിത്. പരാതി സൈബര്‍ സെല്ലിന് കൈമാറി.
iam unni mukundan എന്നാണ് നടന്റെ സോഷ്യല്‍ മീഡിയയിലെ അക്കൗണ്ടുകളുടെ പേര്. അതിനു സമാനമായി ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും iam.unnimukundan എന്നു വ്യാജ അക്കൗണ്ടുണ്ടാക്കി തന്റെ ചിത്രം പ്രൊഫൈല്‍ ചിത്രമാക്കി വെച്ച് പെണ്‍കുട്ടികളെ തെറ്റിദ്ധരിപ്പിച്ച് അവരുമായി സൗഹൃദം സൃഷ്ടിക്കല്‍ പതിവാക്കുന്നതായി തന്റെ ശ്രദ്ധയില്‍പെട്ടുവെന്നും ഇത്തരം വ്യാജ പ്രവണതകളെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്. തന്റെ ഫോട്ടോ വച്ച് വൈവാഹിക വെബ്സൈറ്റുകളില്‍ ഐഡി ഉണ്ടാക്കുന്നവര്‍ക്കെതിരെയും നടന്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതി സ്വീകരിച്ചുവെന്ന് ഒറ്റപ്പാലം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ സന്ദേശം ലഭിച്ച് തെറ്റിദ്ധരിക്കപ്പെട്ടവര്‍ ഉണ്ണി മുകുന്ദന്‍ അയച്ച അശ്ലീലസന്ദേശമെന്ന പേരില്‍ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിപ്പിച്ചു.
സംഭവത്തില്‍ കേസെടുക്കുമെന്ന് ഒറ്റപ്പാലം സി.ഐ എം. സുജിത് അറിയിച്ചു. സമാനവിഷയത്തില്‍ കഴിഞ്ഞ വര്‍ഷം ഉണ്ണി മുകുന്ദന്‍ പരാതി നല്‍കിയിരുന്നു.

