മരടിലെ ഫ്ളാറ്റുകൾ പൊളിച്ചു തുടങ്ങി
കൊച്ചി: മരടിലെ ഫ്ളാറ്റുകളുടെ പൊളിക്കൽ നടപടികൾ തുടങ്ങി. സുപ്രീംകോടതി പൊളിക്കാൻ ഉത്തരവിട്ട ഫ്ളാറ്റുകളിലെ ജനലുകളും വാതിലുകളുമാണ് പൊളിച്ചു നീക്കുന്നത്. ആൽഫ സെറിൽ, ജെയിൻ കോറൽ കോവ്, ഹോളി ഫെയ്ത്ത് എച്ച്ടുഒ എന്നീ ഫ്ളാറ്റുകളിലാണു നടപടികൾ ആരംഭിച്ചത്.
ഫ്ളാറ്റുകൾ പൊളിക്കൽ തുടങ്ങുന്നതിന്‍റെ മുന്നോടിയായുള്ള കെട്ടിടങ്ങളുടെ ബല പരിശോധനയും തുടങ്ങി. വാതിലുകളും ജനലുകളും മാറ്റിക്കഴിഞ്ഞാൽ അകത്തെ ഭിത്തികളും പൊളിച്ചുമാറ്റുമെന്നും കോൺക്രീറ്റ് ഭാഗം മാത്രമാകുന്പോഴാണ് സ്ഫോടനം നടത്തുകയെന്നും മരട് നഗരസഭാ സ്പെഷൽ സെക്രട്ടറി സ്നേഹിൽ കുമാർ സിംഗ് വ്യക്തമാക്കി. ഫ്ളാറ്റുകൾ പൊളിക്കാനായി തെരഞ്ഞെടുത്ത കന്പനികൾക്ക് ഉടൻ സെലക്ഷൻ നോട്ടീസ് നൽകുമെന്നും സ്നേഹിൽ കുമാർ പറഞ്ഞു. പൊളിക്കൽ നടപടികളുടെ വിശദമായ വിവരങ്ങൾ ഉൾപ്പെടുന്ന റിപ്പോർട്ട് 10 ദിവസത്തിനകം അവശ്യപ്പെടും. സുപ്രീംകോടതി ഉത്തരവു നടപ്പാക്കുന്ന ചുമതലയായതിനാൽ മുനിസിപ്പൽ കൗണ്‍സിലിന്‍റെ അനുമതിക്കായി കാത്തിരിക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനമെന്നും സ്പെഷൽ സെക്രട്ടറി പറഞ്ഞു.

