ബോളിവുഡ് താരങ്ങളുമായി കൂടിക്കാഴ്ച നടത്തി മോദി
ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ബോളിവുഡ് താരങ്ങളും സംവിധായകരുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച . മഹാത്മാ ഗാന്ധിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ സിനിമാ ടെലിവിഷന്‍ രംഗത്തുനിന്നുള്ള ആളുകള്‍ക്ക് സഹായിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം താരങ്ങളോട് വ്യക്തമാക്കി. അതിനായി സിനിമകളും ടെലിവിഷന്‍ പരിപാടികളും നിര്‍മ്മിക്കുമെന്നും പ്രധാനമന്ത്രി താരങ്ങളോട് പറഞ്ഞു.
ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, സോനം കപൂര്‍, കങ്കണാ റനൗട്ട്, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, ഏക്താ കപൂര്‍, അനുരാഗ് ബസു, ബോണി കപൂര്‍, ഇംതിയാസ് അലി അടക്കമുള്ള ബോളിവുഡിന്റെ അവിഭാജ്യ ഘടകങ്ങളും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പ്രധാനമന്ത്രി തന്നെ ട്വിറ്റ് ചെയ്തിരുന്നു. ഇതിനൊപ്പം താരങ്ങള്‍ ഗാന്ധി വാക്യങ്ങള്‍ പറയുന്നതിന്റെ ഒന്നേമുക്കാല്‍ മിനിറ്റ് ദൈര്‍ഖ്യമുള്ള വീഡിയോയും പ്രധാനമന്ത്രി പങ്കുവെച്ചു. ഷാരുഖ് ഖാന്‍, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍, രണ്‍ബീര്‍ കപൂര്‍, വിക്കി കൗശല്‍, കങ്കണാ റനൗട്ട്, സോനം കപൂര്‍, ആലിയ ഭട്ട് എന്നിവരാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.
ഇത്തരമൊരു കാര്യത്തിനായി ഞങ്ങളെയെല്ലാവരെയും വിളിച്ചു ചേര്‍ത്തതിന് പ്രധാനമന്ത്രിയോട് നന്ദി പറയുന്നു. ഗാന്ധിജിയെ ലോകത്തിന് മുന്നില്‍ പുനരവതരിപ്പിക്കേണ്ടത് ആവശ്യമാണെന്ന് തോന്നുന്നു. സിനിമ എന്നത് ബിസിനസ് മാത്രമല്ലെന്ന് സ്വയം ബോധ്യപ്പെടുത്താനും സാധിക്കുമെന്ന് ഷാരൂഖ് ഖാന്‍ പറഞ്ഞു. പ്രധാനമന്ത്രിയോടുള്ള കൂടിക്കാഴ്ച അതിശയകരമായിരുന്നെന്ന് ആമിര്‍ ഖാന്‍ പറഞ്ഞു. ഇത്തരമൊരു കാര്യം ചിന്തിച്ചതിന് അദ്ദേഹത്തോട് നന്ദി പറയുന്നു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച പ്രചോദനപരമായിരുന്നുവെന്നും ആമിര്‍ ഖാന്‍ വ്യക്തമാക്കി.

