ഇന്ത്യൻ 2 റിലീസ് തിയതി പ്രഖ്യാപിച്ചു
ചെന്നൈ: 1996−ൽ പുറത്തിറങ്ങിയ ‘ഇന്ത്യൻ’ കമൽഹാസന്റെയും ശങ്കറിന്റെയും കരിയറിലെ വലിയ ഹിറ്റുകളിൽ ഒന്നായ ‘ഇന്ത്യന്റെ’ രണ്ടാം ഭാഗത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 200 കോടിയിൽ അധികം ചിലവ് വരുന്ന സിനിമ 2021 ഏപ്രിൽ 14നാണ് സിനിമ തിയേറ്ററുകളിൽ എത്തും. തമിഴ് പുതുവർഷ ദിവസമായതു കൊണ്ടാണ് റിലീസിനായി ആ ദിവസം തിരഞ്ഞെടുത്തതെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞു.
20 വർഷത്തിനു ശേഷമാണ് കമലും ശങ്കറും ഒന്നിച്ചു സിനിമ ചെയ്യുന്നത്. ഇന്ത്യനിലെ സ്വാതന്ത്ര്യ സമരസേനാനി സേനാപതി നയിക്കുന്ന പുതിയ പോരാട്ടങ്ങളാണ് ഇന്ത്യൻ 2വിന്റെ ഇതിവൃത്തം എന്നാണറിയുന്നത്. ആഗസ്റ്റ് 12−ന് സിനിമയുടെ ചിത്രീകരണം തുടങ്ങും. കമൽഹാസൻ സപ്റ്റംബർ 15 മുതൽ സിനിമയുടെ ഭാഗമാകും. കാജൽ അഗർവാളാണ് സിനിമയിലെ നായികയാവുന്നത്. ചിത്രത്തിന് വേണ്ടി കാജൽ അഗർവാൾ കളരിപ്പയറ്റിൽ പരിശീലനം നേടിയിരുന്നു. പ്രിയ ഭവാനി ശങ്കറും ഒരു പ്രധാന റോളിൽ എത്തുന്നു. ബോളിവുഡ് താരം വിദ്യുതി ജമാൽ, സിദ്ധാർത്ഥ്, ഐശ്വര്യ രാജേഷ്, രാകുൽ പ്രീത് സിംഗ്, എന്നിവർക്കൊപ്പം ഡൽഹി ഗണേഷും സിനിമയുടെ ഭാഗമാകും.
ലൈക്ക പ്രൊഡക്ഷൻസ് ആണ് സിനിമയുടെ നിർമ്മാതാക്കൾ. അനിരുദ്ധ് രവിചന്ദ് ആണ് സിനിമയുടെ സംഗീതം കൈകാര്യം ചെയ്യുന്നത്. രവി വർമയുടേതാണ് ക്യാമറ. ത്രീ ഡിയിലായിരിക്കും സിനിമ പുറത്തിറങ്ങുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

