മുണ്ടയ്ക്കൽ ശേഖരൻ ഇനി ഹോളിവുഡിൽ നായകൻ
ചെന്നൈ: രഞ്ജിത്തിന്റെ തിരക്കഥയിൽ ഐ.വി ശശി സംവിധാനം ചെയ്ത ദേവാസുരത്തിൽ മോഹൻലാലിന്റെ ശക്തനായ പ്രതിനായകന് ജീവൻ നൽകിയ നെപ്പോളിയൻ ഇനി ഹോളിവുഡിലെ നായകൻ.
നൂറോളം തെന്നിന്ത്യൻ ചിത്രങ്ങളിൽ ഭാഗമായിട്ടുള്ള നടൻ ഇപ്പോൾ ഹോളിവുഡ് കേന്ദ്രീകരിച്ച് യു.എസ്സിലാണ്. ഡെവിൾസ് നൈറ്റ് എന്ന ത്രില്ലർ ചിത്രമായിരുന്നു നെപ്പോളിയന്റെ ഹോളിവുഡ് അരങ്ങേറ്റം കുറിച്ചത്. എന്നാൽ ഇതിന് വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ല. നായകനായെത്തുന്ന പുതിയ ചിത്രത്തിന്റെ പേര് ക്രിസ്മസ് കൂപ്പൺ എന്നാണ്.
ഡാനിയൽ നൂഡ്സെൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു ഹോക്കി ഏജന്റ് ആയാണ് നടനെത്തുന്നത്.
വില്ലനായി സിനിമയിലെത്തി, ഇന്ന് ഹോളിവുഡിൽ നായകനാകാൻ ഒരുങ്ങുന്പോൾ ദീർഘകാലത്തെ സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെടുന്നതെന്ന് നടൻ ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ചിത്രത്തിന്റെ നിർമ്മാതാവ് ടെൽ കെ. ഗണേശൻ വഴിയാണ് ഈ നായകവേഷം നെപ്പോളിയന് ലഭിക്കുന്നത്.

