സൈറയെ പോലെ ഹിന്ദു നടിമാരും അഭിനയം നിർത്തണമെന്ന് ഹിന്ദു മഹാസഭ പ്രസിഡണ്ട്
ന്യൂഡൽഹി: ബോളിവുഡിൽ നിന്ന് പിന്മാറാനുള്ള സൈറയുടെ തീരുമാനം അഭിനന്ദനീയമാണെന്നും സൈറ വസിമിനെ പോലെ ഹിന്ദു നടിമാരും അഭിനയത്തിൽ നിന്ന് പിന്മാറണമെന്നും ഹിന്ദു മഹാസഭ പ്രസിഡണ്ട് സ്വാമി ചക്രപാണി മഹാരാജ്.
"മതപരമായ കാര്യങ്ങളിൽ മുഴുകിയിരിക്കുന്ന ഒരാൾ അസാന്മാർഗിക പാതയിൽ സഞ്ചരിക്കില്ല. ഞാൻ സൈറയെ പിന്തുണക്കുന്നു. ഹിന്ദു സ്ത്രീകളും ഈ വഴി പിന്തുടരണം. ബ്രാഹ്മണരെ അവഹേളിക്കുന്ന, വിവിധ ജാതികളെ ലക്ഷ്യം വെയ്ക്കുന്ന സിനിമകളിൽ ഹിന്ദു സ്ത്രീകൾ അഭിനയിക്കരുത്. മീ ടൂവിലൂടെ സ്ത്രീകൾ ക്രിമിനലുകളെ തുറന്നുകാട്ടിയതു പോലെ, ഹിന്ദുക്കളോടുള്ള സിനിമാ വ്യവസായത്തിന്‍റെ മനോഭാവം മാറ്റാനും മുന്നിട്ടിറങ്ങണം."− ചക്രപാണി മഹാരാജ് ട്വിറ്ററിൽ കുറിച്ചു.
അഞ്ച് വർഷത്തെ സിനിമാ ജീവിതത്തിന് അവസാനമിടുകയാണെന്ന് ദംഗൽ നായികയും ദേശീയ പുരസ്ക്കാര ജേതാവുമായ സൈറാ വസീം ഫേസ് ബുക്കിലാണ് അറിയിച്ചത്. മതപരമായ കാരണങ്ങൾ കൊണ്ടാണ് സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നും ജീവിതത്തിൽ സിനിമ കാരണം ഒരുപാട് ‘ബറക്കത്ത്’ നഷ്ടമായെന്നും സൈറ വ്യക്തമാക്കി.

