സൂയി ധാഗ- മെയ്‍ഡ് ഇൻ ഇന്ത്യ വിദേശ ചലച്ചിത്രമേളകളിലേക്ക്
ന്യൂഡൽഹി: അനുഷ്‍ക ശര്‍മ്മ പ്രധാന കഥാപാത്രമായി എത്തിയ ചിത്രം സൂയി ധാഗ- മെയ്‍ഡ് ഇൻ ഇന്ത്യ വിദേശ ചലച്ചിത്രമേളകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഷാംങായി രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. ചിത്രം നൂറു കോടിയിലധികം കളക്ഷൻ നേടിയിരുന്നു.
രാജ്യത്തെ കൈത്തുന്നല്‍ തൊഴിലാളികളുടെ ജീവിതമാണ് സൂയി ധാഗ എന്ന സിനിമയില്‍ പറയുന്നത്. മധ്യവയസ്‍കയായ ഗ്രാമീണ സ്‍ത്രീയായിട്ട് ആണ് അനുഷ്‍ക ശര്‍മ്മ ചിത്രത്തില്‍ അഭിനയിക്കുന്നത്. നായകനായി വരുണ്‍ ധവാനും അഭിനയിച്ചിരിക്കുന്നു. ചിത്രം കണ്ട വിരാടി കോലി അനുഷ്‍ക ശര്‍മ്മയെയും മറ്റ് അഭിനേതാക്കളെയും അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു.
സൂയി ധാഗയുടെ പ്രത്യേക പ്രദര്‍ശനങ്ങള്‍ രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ നടത്തിയിരുന്നു. മധ്യപ്രദേശിലും രാജസ്ഥാനിലുമായി 12 ചെറു പട്ടണങ്ങളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. സ്വയം സംരഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ശരത് കതാരിയ ആണ് ചിത്രത്തിന്റെ സംവിധായകൻ.

