പ്രിയങ്ക ചോപ്രയ്ക്ക് ഡാനി കയേ ഹ്യൂമനിറ്റേറിയന്‍ അവാര്‍ഡ്
മുംബൈ: യുണീസെഫിന്‍റെ ഡാനി കയേ ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡിന് പ്രിയങ്ക ചോപ്ര അര്‍ഹയായി. യു.എന്നിന്‍റെ കുട്ടികള്‍ക്കായുള്ള ഫണ്ടിന്‍റെ ഗുഡ്‍വില്‍ അംബാസിഡറാണ് പ്രിയങ്ക.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ നടി അടുത്തിടെ എത്യോപ്യ സന്ദര്‍ശിച്ചിരുന്നു. എത്യോപ്യയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ കുട്ടികളോടൊപ്പമുള്ള ചിത്രങ്ങളും പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഡിസംബറില്‍ നടക്കുന്ന വാര്‍ഷിക പരിപാടിയായ സ്നോഫ്ലേക്ക് ബോള്‍ ഇവന്‍റില്‍ വെച്ചാണ് പ്രിയങ്കയ്ക്ക് പുരസ്കാരം സമ്മാനിക്കുക. സമാധാനവും സ്വാതന്ത്ര്യവും വിദ്യാഭ്യാസത്തിനുള്ള അവകാശവുമാണ് വേണ്ടതെന്ന് അവാര്‍ഡിന് നന്ദി അറിയിച്ച് പ്രിയങ്ക ചോപ്ര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ബോളിവുഡും കടന്ന് ഹോളിവുഡിലും താരമായ പ്രിയങ്ക ചോപ്ര തേടി നിരവധി പുരസ്കാരങ്ങളും ബഹുമതികളും എത്തിയിരുന്നു.

