മഞ്ജുവാര്യരോടുള്ള ശത്രുത; ആക്രമണത്തിന് കാരണമെന്ന് ശ്രീകുമാര്‍ മേനോന്‍
കൊച്ചി: തനിക്കെതിരായുള്ള സോഷ്യല്‍ മീഡിയ ആക്രമണത്തിന് കാരണം ചിലർക്ക് മഞ്ജു വാര്യരോടുള്ള ശത്രുതയാണെന്ന് ഒടിയന്‍ സിനിമയുടെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. ഒടിയന്‍ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ പ്രേക്ഷക പ്രതികരണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മഞ്ജുവിനെ ഇന്നു കാണുന്ന പദവിയിലേക്ക് മാറ്റിയതോടെയാണ് തനിക്ക് ശത്രുക്കളുണ്ടായതെന്നും ഇത് അതിന്റെ ക്ലൈമാക്സാണെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു. വിവാദങ്ങളോട് മഞ്ജു മറുപടി പറയണമെന്നും ശ്രീകുമാര്‍ മേനോന്‍ ആവശ്യപ്പെട്ടു. വിവാദങ്ങളോട് അഭിപ്രായം പറയാന്‍ മഞ്ജു വാര്യര്‍ ബാധ്യസ്ഥയാണ്. കാരണം ഇങ്ങനെയുള്ള പേഴ്സണല്‍ അറ്റാക്കിന് അവര്‍ കൂടി കാരണമാണ്. അവരുടെ ബ്രാന്‍ഡിങ്ങിനും കൂടെ നിന്നൊരാളാണ് ഞാന്‍. അവര്‍ ഇപ്പോള്‍ കാണുന്ന ബ്രാന്‍ഡഡ് മഞ്ജു വാര്യര്‍ എന്ന പരിവര്‍ത്തനം നടത്തിയത് എന്നില്‍ കൂടെയാണ്. മഞ്ജു വാര്യരെ ഞാന്‍ എന്ന് സഹായിക്കാന്‍ തുടങ്ങിയോ അന്ന് മുതലാണ് ഇതൊക്കെ രൂക്ഷമായതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന വിഷയമാണ്. അതു കൊണ്ട് ഇക്കാര്യത്തില്‍ മഞ്ജു പ്രതികരിക്കുമെന്നാണ് എന്റെ വിശ്വാസം. ശ്രീകുമാര്‍ മേനോന്‍ പറയുന്നു.

