രാഷ്ട്രീയപ്പോര് മുറുകി; രാമക്ഷേത്ര ഫണ്ട് തട്ടിപ്പ് കേസിൽ ഒടുവിൽ കൂട്ടഅറസ്റ്റ്!


ഷീബ വിജയൻ

രാമക്ഷേത്ര പ്രതിഷ്ഠ കഴിഞ്ഞ് രണ്ട് വർഷം പിന്നിടുമ്പോൾ, ക്ഷേത്രത്തിലേക്ക് ഭക്തർ നൽകിയ കോടികളുടെ കാണിക്കപ്പണം കൊള്ളയടിച്ച സംഭവം ഉത്തർപ്രദേശ് രാഷ്ട്രീയത്തെ പിടിച്ചുലക്കുന്നു. പ്രതിപക്ഷ പാർട്ടികളുടെ കടുത്ത സമ്മർദത്തിനൊടുവിലാണ് കേസിൽ പൊലീസ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്ത് എട്ട് പേരെ അറസ്റ്റ് ചെയ്തത്. ജൂൺ ഏഴിന് സമാജ്‍വാദി പാർട്ടി നേതാവ് പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റിൽനിന്നാണ് തട്ടിപ്പ് പുറത്തുവന്നത്. ക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച കാണിക്കയിൽ നിന്ന് അഞ്ച് കോടി മുതൽ 7.5 കോടി രൂപ വരെ തട്ടിയെടുത്തതായാണ് പവൻ പാണ്ഡെ ആരോപിച്ചത്. എന്നാൽ, ആരോപണങ്ങൾ അന്നുതന്നെ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് നിഷേധിച്ചു. ഭക്തർ നൽകുന്ന ഓരോ രൂപയും കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ടെന്ന് ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് വ്യക്തമാക്കി.

വിഷയത്തിൽ വിട്ടുവീഴ്ചയില്ലാത്ത സ്വതന്ത്ര അന്വേഷണം വേണമെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആവശ്യപ്പെട്ടതോടെ സംഭവം ദേശീയ ശ്രദ്ധ നേടി. യു.പി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ്, ആം ആദ്മി പാർട്ടി എം.പി സഞ്ജയ് സിങ് എന്നിവരും ട്രസ്റ്റിനെതിരെ തിരിഞ്ഞു. സഞ്ജയ് സിങ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ നിർണായക തെളിവുകളും ഹാജരാക്കി. അതിനിടെ, ബി.ജെ.പി നേതാവ് രജനീഷ് സിങ് തന്നെ വിഷയത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഇതോടെ പ്രധാനമന്ത്രിയുടെ ഓഫിസ് ക്ഷേത്ര ട്രസ്റ്റിനോട് അടിയന്തര വസ്തുത റിപ്പോർട്ട് തേടി, ആരോപണം തള്ളാൻ കഴിയില്ലെന്ന് വ്യക്തമാക്കി.

വിവാദം കത്തിയതോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പിടിച്ചുനിൽക്കാനായില്ല. കുറ്റക്കാർ എത്ര ഉന്നതരായാലും രക്ഷപ്പെടില്ല എന്നായി അദ്ദേഹം. ലഖ്‌നോ ഡിവിഷണൽ കമീഷണർ വിജയ് വിശ്വാസ് പന്തിന്റെ നേതൃത്വത്തിൽ മൂന്നംഗ ഉന്നതതല പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു. ജൂൺ 15 നും 20 നും ഇടയിൽ എസ്.ഐ.ടി ഉദ്യോഗസ്ഥർ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ, സുരക്ഷാ ജീവനക്കാർ, പണം എണ്ണുന്ന ജീവനക്കാർ, സംഭാവനകൾ കൈകാര്യം ചെയ്യുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർ എന്നിവരെ ചോദ്യംചെയ്തു. ഏകദേശം 150 ഓളം പേരെ നിരീക്ഷണത്തിലാക്കിയ അന്വേഷണസംഘം രണ്ട് ഡസനോളം പേരെ വിശദമായ ചോദ്യംചെയ്യലിന് വിളിപ്പിച്ചു. ക്ഷേത്രത്തിലെ 45 ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്നാണ് ക്ഷേത്രത്തിൽ നിന്ന് കൊള്ളയടിച്ച പണവും സ്വർണവും കണ്ടെടുത്തത്. ജൂൺ 23ന് എസ്.ഐ.ടി സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, 25ന് ക്ഷേത്ര ട്രസ്റ്റ് അംഗം കൃഷ്ണ മോഹൻ തട്ടിപ്പ് സംബന്ധിച്ച് പൊലീസിൽ പരാതി നൽകി. തൊട്ടുപിന്നാലെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യുകയും അർധരാത്രിയോടെ എട്ട് പേർ അറസ്റ്റിലാവുകയും ചെയ്തു. കേസിൽ കൂടുതൽ വമ്പന്മാർ കുടുങ്ങുമെന്നാണ് ലഭിക്കുന്ന സൂചനകൾ.

article-image

adssasadsadas

You might also like

  • Lulu Exchange
  • Straight Forward

Most Viewed