സാമന്തയും ചലച്ചിത്ര നിർമാതാവ് രാജ് നിഡിമോരുവും വിവാഹിതരായി
ഷീബ വിജയ൯
തെന്നിന്ത്യൻ നടി സാമന്ത റൂത്ത് പ്രഭുവും ചലച്ചിത്ര നിർമാതാവ് രാജ് നിഡിമോരുവും വിവാഹിതരായി. കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിനുള്ളിലെ ലിങ് ഭൈരവി ക്ഷേത്രത്തിൽ വെച്ചായിരുന്നു ലളിതമായ ചടങ്ങ്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമടക്കം 30 അതിഥികൾ മാത്രമാണുണ്ടായിരുന്നത്. ചുവന്ന സാരിയായിരുന്നു സാമന്തയുടെ വേഷം, രാജ് ഷർവാണിയിലായിരുന്നു. ചിത്രങ്ങൾ സാമന്ത തന്നെയാണ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. മാസങ്ങളായി ഇവരുടെ ബന്ധത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു. 2021ൽ ഹിറ്റ് വെബ് സീരീസായ ദി ഫാമിലി മാൻ്റെ രണ്ടാം സീസണിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. നടൻ നാഗ ചൈതന്യയുമായായിരുന്നു സാമന്തയുടെ ആദ്യവിവാഹം, 2021-ൽ അവർ വിവാഹമോചനം നേടി. രാജ് നിഡിമോരുവിൻ്റെയും രണ്ടാം വിവാഹമാണിത്. ശ്യാമാലി ദേയെയായിരുന്നു മുൻപ് രാജ് വിവാഹം കഴിച്ചിരുന്നത്, 2022-ൽ അവർ വേർപിരിഞ്ഞു. വിവാഹവാർത്ത സ്ഥിരീകരിച്ചുകൊണ്ട് ഇരുവരും പരസ്യ പ്രസ്താവനയൊന്നും നടത്തിയിട്ടില്ല. താൻ ഏറ്റവും സന്തോഷവതിയായിരിക്കുന്നുവെന്നും, വർഷത്തിൽ അഞ്ച് സിനിമകൾ ചെയ്യുക, ബ്ലോക്ക്ബസ്റ്ററുകൾ നേടുക തുടങ്ങിയ ലക്ഷ്യങ്ങളൊന്നും ഇപ്പോൾ തനിക്കില്ലെന്നും സാമന്ത പറഞ്ഞു. എന്‍റെ പോഡ്കാസ്റ്റിലൂടെ ആരോഗ്യപരമായ കാര്യങ്ങൾ നൽകാൻ ശ്രമിക്കുന്നുണ്ടെന്നും താൻ അനുഭവിച്ച നിസ്സഹായത മറ്റൊരാൾക്കും ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നും താരം വ്യക്തമാക്കി.
SDFGFD
