നിലവാരമില്ലാത്ത പ്രഷർ‍ കുക്കർ‍ വിറ്റു: ഫ്ളിപ്കാർ‍ട്ടിന് ഒരു ലക്ഷം രൂപ പിഴ


നിലവാരമില്ലാത്ത പ്രഷർ‍ കുക്കറുകൾ‍ വിറ്റതിന് ഇ−കൊമേഴ്‌സ് കമ്ബനിയായ ഫ്ളിപ് കാർ‍ട്ടിന് പിഴ ചുമത്തി. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടേതാണ് (സിസിപിഎ) നടപടി. ഒരു ലക്ഷം രൂപയാണ് ഫ്ളിപ് കാർ‍ട്ട് പിഴയായി അടയ്ക്കേണ്ടത്. ഉപഭോക്താക്കളുടെ അവകാശം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ ചുമത്തിയത്. ഒരു ലക്ഷം രൂപ പിഴയ്ക്കു പുറമേ വിറ്റ 598 കുക്കറുകൾ‍ തിരിച്ചെടുത്ത് പണം നൽ‍കണമെന്നും ഉത്തരവിൽ‍ പറയുന്നു. ഉത്തരവിലെ നടപടികൾ‍ സ്വീകരിച്ച്‌ 45 ദിവസത്തിനുള്ളിൽ‍ വിവരം അറിയിക്കണമെന്നും ഉത്തരവിൽ‍ നിർ‍ദേശിച്ചിട്ടുണ്ട്.

598 കുക്കറുകൾ‍ വിറ്റതുവഴി 1.84 ലക്ഷം രൂപയാണ് കമ്മിഷനായി ഫ്ളിപ്കാർ‍ട്ടിനു ലഭിച്ചത്. കമ്മിഷന്‍ ലഭിക്കുന്നതിനാൽ‍ ഫ്ളിപ്കാർ‍ട്ടിനു ഉത്തരവാദിത്തത്തിൽ‍ നിന്ന് ഒഴിഞ്ഞുനിൽ‍ക്കാനാവില്ലെന്ന് സിസിപിഎ നിരീക്ഷിച്ചു. ഉൽ‍പന്നത്തിന്റെ ഇൻ‍വോയ്സിൽ‍ പ്രധാനപ്പെട്ട വിവരങ്ങൾ‍ നിർ‍ബന്ധമായും ഉണ്ടായിരിക്കണമെന്നും സ്വർ‍ണം, വെള്ളി, വെങ്കലം എന്നിങ്ങനെ ഉത്പന്നങ്ങളെ വേർ‍തിരിക്കണമെന്നും സിസിപിഎ നിർ‍ദേശിച്ചു.

കഴിഞ്ഞ വർ‍ഷം ഫെബ്രുവരി 1 മുതൽ‍ പ്രാബല്യത്തിൽ‍ വന്ന പ്രഷർ‍ കുക്കർ‍ സംബന്ധിച്ച ഉത്തരവ് പ്രകാരം, എല്ലാ ഗാർ‍ഹിക പ്രഷർ‍ കുക്കറുകൾ‍ക്കും IS 2347:2017 മാർ‍ക്ക് ഉണ്ടായിരിക്കണം. പ്രഷർ‍ കുക്കറുകൾ‍ ഓൺ‍ലൈനായോ ഓഫ്‌ലൈനായോ വിൽ‍പനയ്‌ക്ക് വെയ്ക്കുന്നതിനു മുന്‍പ് സൂക്ഷ്മപരിശോധന ആവശ്യമാണ്. കാലാകാലങ്ങളിൽ‍, കേന്ദ്രസർ‍ക്കാർ‍ ഗുണനിലവാരം സംബന്ധിച്ച ഉത്തരവുകൾ‍ പുറത്തിറക്കാറുണ്ടെന്നും സിസിപിഎ വ്യക്തമാക്കി. ഈ മാസം ആദ്യം ആമസോണിനും ഒരു ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. വിറ്റ 2,265 കുക്കറുകൾ‍ തിരിച്ചെടുത്ത് പണം തിരികെ നൽ‍കാനായിരുന്നു നിർ‍ദേശം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed