കുഞ്ഞിന് ഈ പേരു നൽകാൻ നിങ്ങൾ റെഡിയാണോ? ഡോമിനോസ് നിങ്ങൾക്കായി വന്പൻ ഓഫർ ഒരുക്കുന്നു


ക്യാൻബറ: പിസ ഭീമൻ ഡോമിനോസ് ഒരു വമ്പൻ ഓഫറുമായി രംഗത്ത്. തങ്ങളുടെ അറുപതാം പിറന്നാൾ ആഘോഷ വേളയിലാണ് ഡോമിനോസ് ഒരു പേര് ചലഞ്ചുമായി എത്തിയത്. ഡിസംബർ ഒമ്പതിന് പിറക്കുന്ന നവജാത ശിശുവിന് ഡോമിനോസ് നിർദ്ദേശിക്കുന്ന പേര് നൽകിയാലാണ് ഈ വമ്പൻ ഓഫർ ലഭിക്കുക. അറുപതു വർഷത്തേക്ക് സൗജന്യ പിസ നൽകുമെന്നാണ് വാഗ്ദാനം. എല്ലാ മാസവും 14 ഡോളറിന് തുല്യമായ (ഏകദേശം ആയിരത്തോളം രൂപ) പിസ ആയിരിക്കും നൽകുക.

ഡിസംബർ ഒമ്പതാം തിയതി ബുധനാഴ്ച ഓസ്ട്രേലിയയിൽ ജനിക്കുന്ന കുഞ്ഞിനാണ് ഇത്തരമൊരു സുവർണാവസരം ലഭിക്കുക. ഡൊമിനിക് (Dominic), ഡൊമിനിക്വെ (Dominique) എന്നീ പേരുകളിൽ ഏതെങ്കിലും ഒന്ന് നവജാത ശിശുവിന് നൽകുന്നവർക്കാണ് ഈ ഭാഗ്യം.

അറുപതാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഡോമിനോസ് പിസ ഇത്തരത്തിലൊരു വമ്പൻ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത അറുപതു വർഷത്തേക്ക് എല്ലാ മാസവും 14 ഡോളർ വിലമതിക്കുന്ന പിസ ലഭിക്കും. അതായത്, 10, 080 ഡോളർ വിലയുടെ പിസയാണ് അറുപതു വർഷം കൊണ്ട് ലഭിക്കുക. 2080 വരെ പിസ ലഭിക്കും. ഒരു കമ്പനിയെന്ന നിലയിൽ അനുഗ്രഹീതമായ അറുപതു വർഷങ്ങളാണ് കടന്നു പോയതെന്ന് ഡോമിനോസിന്റെ ഓസ്ട്രേലിയ, ന്യൂ സീലാൻഡ് സി ഇ ഒ നിക്ക് നൈറ്റ് പറഞ്ഞു. ഉപഭോക്താക്കളുടെ വിശ്വാസവും പിന്തുണയുമില്ലാതെ തങ്ങൾക്ക് മുൻപോട്ടു പോകാൻ കഴിയില്ലെന്നും ഡോമിനോസ് പിസ വ്യക്തമാക്കി.

അതേസമയം, യോഗ്യരായ മാതാപിതാക്കൾക്ക് dombaby@dominos.com.au എന്ന വിലാസത്തിൽ വിശദാംശങ്ങൾ അയയ്ക്കാവുന്നതാണ്. ഡിസംബർ ഒമ്പതാം തിയതി ബുധനാഴ്ച ആയിരിക്കണം കുഞ്ഞ് ജനിച്ചത് എന്ന് നിർബന്ധമാണ്. ഒപ്പം കുഞ്ഞിന് ഡോമിനോസ് നിർദ്ദേശിച്ച പേര് നൽകിയെന്ന് വ്യക്തമാക്കുന്ന രേഖകളും വേണം.

ഇ-മെയിലിൽ ലഭിക്കുന്ന വിശദാംശങ്ങൾ ലഭിച്ചതിനു ശേഷം ആയിരിക്കും ഡോമിനോസ് വിജയിയെ കണ്ടെത്തുക. തുടർന്ന് വിജയിയോട് 2021 ജനുവരി അവസാനത്തിന് മുമ്പായി ജനന സർട്ടിഫിക്കറ്റ് അയച്ചു നൽകാൻ ആവശ്യപ്പെടുകയും ചെയ്യും.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed