2022 ആകുന്പോഴേക്ക് 10 ലക്ഷം വൈദ്യുത വാഹനങ്ങൾ പുറത്തിറക്കുമെന്നു മുഖ്യമന്ത്രി


കൊച്ചി: വൈദ്യുത ഗതാഗതനയം നടപ്പാക്കുന്നതിന്‍റെ ഭാഗമായി 2022 ആകുന്പോഴേക്ക് 10 ലക്ഷം വൈദ്യുത വാഹനങ്ങൾ പുറത്തിറക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ട് ലക്ഷം ഇരു ചക്ര വാഹനങ്ങൾ, 50,000 മുച്ചക്ര വാഹനങ്ങൾ, 1000 ചരക്ക് വാഹനങ്ങൾ, 3000 ബസുകൾ, 100 ഫെറി ബോട്ടുകൾ എന്നിവ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. ബോൾഗാട്ടി ലുലു കണ്‍വൻഷൻ സെന്‍ററിൽ ആരംഭിച്ച ഇ − മൊബിലിറ്റി കോണ്‍ഫറൻസും ഇലക്‌ട്രിക് വാഹനങ്ങളുടെ പ്രദർശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

വൈദ്യുത വാഹന നിർമ്മാണത്തിനായി ആരംഭിച്ച കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് (KAL) 8000 വൈദ്യുത ഓട്ടോറിക്ഷകൾ ഓരോ വർഷവും പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. ഇലക്ട്രിക് ഓട്ടോ നിർമ്മിക്കുന്ന ഇന്ത്യയിലെ ആദ്യ പിഎസ് യു ആണ് കെ എ എൽ. കെ എസ് ആർ ടി സിക്കു വേണ്ടി 3000 ഇബസുകളും നിർമ്മിക്കും. ഇ−ബസ് നിർമ്മാണത്തിന് യൂറോപ്യൻ നിക്ഷേപം ലഭിക്കുന്ന ആദ്യ പദ്ധതിയാണിത്.

ആറു നഗരങ്ങളിൽ ഡീസൽ വാഹനങ്ങൾ നിരോധിച്ചുകൊണ്ടുള്ള ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ വിധിയുടെ പശ്ചാത്തലത്തിൽ പുനരുപയോഗം സാധ്യമായ ബദൽ ഊർജ സ്രോതസുകളെക്കുറിച്ചു കേരളം ഗൗരവമായി ചിന്തിച്ചിരുന്നു. വിധിക്കു പിന്നീട് സ്റ്റേ വന്നെങ്കിലും പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രതിബദ്ധതയിൽ കേരളം ഉറച്ചുനിന്നു. ഇതിന്‍റെ ഭാഗമായി സിഎൻജി, എൽഎൻജി ഇന്ധനങ്ങളുടെ ഉപയോഗത്തിന് തുടക്കമിട്ടു. കൊച്ചിയിൽ അഞ്ച് സിഎൻജി സ്റ്റേഷനുകൾ ആരംഭിച്ചു. ആദ്യ എൽഎൻജി ബസ്, ആദ്യ സോളാർ, ഇലക്‌ട്രിക് ബോട്ടുകൾ എന്നിവയും കേരളത്തിൽ തുടക്കം കുറിച്ചു. വൈദ്യുത വാഹന രംഗത്തു നിക്ഷേപകർക്കു വലിയ സാധ്യതയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ആരംഭിക്കുന്ന സെന്‍റർ ഓഫ് എക്സലൻസിന്‍റെ ലോഞ്ചിംഗ് മുഖ്യമന്ത്രി നിർവഹിച്ചു. ഇടപ്പള്ളി ഇന്ത്യൻ ഓയിൽ കോർപറേഷൻ പന്പിൽ ആരംഭിച്ച ചാർജിംഗ് സ്റ്റേഷന്‍റെ വർച്വൽ ഉദ്ഘാടനം കളക്ടർ എസ്. സുഹാസ് നിർവഹിച്ചു. വൈദ്യുത വാഹന നിർമ്മാണത്തിനുള്ള ധാരണാപത്രങ്ങളും ചടങ്ങിൽ കൈമാറി. വൈദ്യുത വാഹനങ്ങൾക്കുള്ള സബ്സിഡിക്കുള്ള ആദ്യ അപേക്ഷയും സ്വീകരിച്ചു. ഹൈബി ഈഡൻ എംപി അധ്യക്ഷത വഹിച്ച ചടങ്ങിൽ നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്, ചീഫ് സെക്രട്ടറി ടോം ജോസ്, ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതിലാൽ, കൊച്ചി മെട്രോ എംഡി എ.പി.എം മുഹമ്മദ് ഹനീഷ് തുടങ്ങിയവർ പങ്കെടുത്തു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed