മനുഷ്യക്കടത്ത് തടയുന്നതിൽ ബഹ്റൈന് അഭിമാനകരമായ നേട്ടം

മനുഷ്യക്കടത്ത് തടയുന്നതിൽ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായ സ്ഥാനം കൈവരിക്കാൻ ബഹ്റൈന് സാധിച്ചത് അഭിമാനകരമായ നേട്ടമാണെന്ന് ബഹ്റൈൻ മന്ത്രിസഭ യോഗം അഭിപ്രായപ്പെട്ടു. യു.എസ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിലാണ് ബഹ്റൈൻ കൈവരിച്ച നേടത്തെ പറ്റി പരമാർശമുണ്ടായിരിക്കുന്നത്. മനുഷ്യക്കടത്തിനെതിരായ പ്രവർത്തനങ്ങളിൽ പങ്കാളികളായ എല്ലാ അതോറിറ്റികൾക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിൽ ചേർന്ന കാബിനറ്റ് യോഗം ആശംസകൾ നേർന്നു.
പൊതുമുതൽ സംരക്ഷിക്കുന്നതിനും സൂക്ഷ്മമായി കൈകാര്യംചെയ്യുന്നതിനും അതിൽ വരുന്ന വീഴ്ചകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങളെ ബഹ്റൈൻ പ്രധാനമന്ത്രി പ്രശംസിച്ചു. യു.എ.ഇ, ഈജിപ്ത്, ജോർഡൻ എന്നീ രാജ്യങ്ങളുമായി വ്യവസായിക മേഖലയിൽ സഹകരണം കൂടുതൽ ശക്തമാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. വിവിധ മന്ത്രിമാർ പങ്കെടുത്ത യോഗങ്ങളുടെ വിശദ വിവരങ്ങൾ മന്ത്രിസഭയിൽ അവതരിപ്പിച്ചു.