ബഹ്റൈൻ മന്ത്രിസഭ പുനസംഘടിപ്പിച്ചു

ബഹ്റൈൻ മന്ത്രിസഭ പുനസംഘടിപ്പിച്ചു. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസാ അൽ ഖലീഫയാണ് പുതിയ നിയമനങ്ങൾ പ്രഖ്യാപ്പിച്ചത്. ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള 24 അംഗ മന്ത്രിസഭയിൽ 13 പുതിയ മന്ത്രിമാരെയാണ് പുതുതായി തെരഞ്ഞെടുത്തിരിക്കുന്നത്. നാല് വനിതകളും പുതിയ മന്ത്രിമാരുടെ പട്ടികയിൽ ഉൾപ്പെടുന്നു. മന്ത്രിസഭയിൽ നേരത്തേയുണ്ടായിരുന്നവരിൽ ഉപ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫ, അഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് ബിൻ ബിൻ അബ്ദുള്ള അൽ ഖലീഫ, വിദ്യാഭ്യാസ മന്ത്രി ഡോ മജീദ് അൽ നുയമി, വിദേശകാര്യമന്ത്രി ഡോ അബ്ദുൽ ലത്തീഫ് അൽ സയാനി, ധനകാര്യമന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ, തൊഴിൽകാര്യ മന്ത്രി ജമീൽ ബിൻ ഹുമൈദാൻ, പാർലിമെന്ററി കാര്യമന്ത്രി ഗാനിം അൽ ബുനൈൽ, വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി സഈദ് ബിൻ റാഷിദ് അൽ സയാനി, പ്രതിരോധവകുപ്പ് മന്ത്രി അബ്ദുള്ള ബിൻ ഹസൻ അൽ നുയമി, യുവജന ക്ഷേമത്തിന്റെയും സ്പോർട്സിന്റെയും മന്ത്രിയായ അയ്മെൻ അൽമൊയ്ദ് എന്നിവർ തുടരും. ഇപ്പോഴത്തെ മന്ത്രിസഭയിൽ ജല വൈദ്യുതി മന്ത്രിയായിട്ടുള്ള വെയിൽ ബിൻ നാസർ അൽ മുബറക്ക് ഇനി മുതൽ മുനിസിപ്പാലിറ്റികാര്യവകുപ്പിന്റെയും കൃഷിയുടെയും മന്ത്രിയായി മാറും.
പുതുതായി നിയമിച്ചിട്ടുള്ള മന്ത്രിമാർ ഇവരാണ്. ഓയിൽ ആന്റ് എൻവയറോൺമെന്റ് മന്ത്രിയായി ഡോ മുഹമ്മദ് ബിൻ മുബാറക്ക് ബിൻ ദൈന, ട്രാൻസ്പോർട്ട് ആന്റ് കമ്മ്യൂണിക്കേഷൻസ് മന്ത്രിയായി മുഹമ്മദ് ബിൻ താമർ അൽ കാബി, പൊതുമരാമത്ത് മന്ത്രിയായി ഇബ്രാഹി ബിൻ ഹസൻ അൽ ഹവാജ്, നിയമകാര്യമന്ത്രിയായി യൂസഫ് ബിൻ അബ്ദുൽ ഹുസൈൻ ഖലാഫ്, സാമൂഹിക വികസന മന്ത്രിയായി ഒസാമ ബിൻ അഹമദ് ഖലാഫ് അൽ അസ് ഫൗർ, ജല വൈദ്യുതി മന്ത്രിയായി യാസർ ബിൻ ഇബ്രാഹിം ഹുമൈദാൻ, ആരോഗ്യമന്ത്രിയായി ഡോ ജലീല അൽ സഈദ് , ഇസ്ലാമിക കാര്യമന്ത്രിയായി നവാഫ് ബിൻ മുഹമ്മദ് അൽ മാവ്ദ, കാബിനറ്റ് അഫേയർസ് മന്ത്രിയായി ഹമദ് ബിൻ ഫൈസൽ അൽ മാലിക്കി, നഗാരാസൂത്രണത്തിന്റെയും, ഭവനനിർമ്മാണത്തിന്റെയും മന്ത്രിയായി അംന ബിന്ത് അഹമദ് അൽ റുമൈഹി, സുസ്ഥിര വികസന മന്ത്രിയായി നൂർ ബിന്ത് അലി അൽ ഖലാഫ്, ടൂറിസം മന്ത്രിയായി ഫാത്തിമ ബിന്ത് ജാഫർ അൽ സിറാഫി, ഇൻഫർമേഷൻ മന്ത്രിയായി ഡോ റമസാൻ ബിൻ അബ്ദുള്ള അൽ നുയമി.