ഡിജിറ്റൽ സാമ്പത്തിക ഇടപാടുകളിൽ ബഹ്റൈന് പുരോഗതി : സെൻട്രൽ ബാങ്ക് ഗവർണർ
ഡിജിറ്റൽ സാമ്പത്തിക ഇടപാടുകളിൽ രാജ്യം ഏറെ പുരോഗതി കൈവരിച്ചതായി ബഹ്റൈൻ സെന്ററൽ ബാങ്ക് ഗവർണർ റാഷീദ് അൽ മരാജ് വ്യക്തമാക്കി. സെന്ററൽ ബാങ്ക് ഓഫ് ബഹ്റൈന്റെയും ഐ.എഫ്.ഐ.ഡിയുടെയും ബഹ്റൈൻ ഇസ്ലാമിക് ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെമിനാറിലാണ് ഇക്കാര്യം അറിയിച്ചത്. ഇസ്ലാമിക് ഫിനാൻസ് ഇന്നൊവേഷൻ ഡേയോട് അനുബന്ധിച്ചാണ് സെമിനാർ സംഘടിപ്പിച്ചത്. ഭാവിയിൽ ബാങ്കുകൾക്ക് പകരം ആ സ്ഥാനത്ത് ടെക്കനിക്കൽ കമ്പനികളാകും ഉണ്ടാവുകയെന്നും, ബാങ്കിംഗ് മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് വരാൻ പോകുന്നതെന്നും സെമിനാറിൽ പങ്കെടുത്ത സി.എഫ്.എ സഹസ്ഥാപകനും ക്രൗഡ് ടു ലിവ് സിഇഒയും മായ അനൗർ അദം അഭിപ്രായപ്പെട്ടു. ഡിജിറ്റൽ നവീകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ബിസ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹസ്സൻ ജരാറും സെമിനാറിൽ പ്രസ്താവിച്ചു.

