സോക്സിനുള്ളിൽ ലൈറിക്ക ഗുളികകൾ ഒളിപ്പിച്ച് കടത്താൻ ശ്രമം; ഓടിരക്ഷപ്പെട്ടാൻ ശ്രമിച്ചയാളിന്റെ അപ്പീൽ തള്ളി ബഹ്റൈൻ കോടതി
പ്രദീപ് പുറവങ്കര
കിങ് ഫഹദ് കോസ്വേ വഴി ബഹ്റൈനിലേക്ക് പ്രവേശിക്കുന്നതിനിടെ ലൈറിക്ക ഗുളികകൾ സോക്സിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുകയും, കസ്റ്റംസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്ത ജിസിസി പൗരന്റെ അപ്പീൽ ഹർജി കോടതി തള്ളി. പ്രതിക്ക് ചുമത്തിയ 100 ബഹ്റൈൻ ദീനാർ പിഴയും ബഹ്റൈനിൽ നിന്നുള്ള സ്ഥിരമായ നാടുകടത്തലും കാസേഷൻ കോടതി ശരിവെച്ചു. ലോവർ ക്രിമിനൽ കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി നാടുകടത്തലും പിഴയും വിധിച്ചത്.
2025 ജൂൺ മാസത്തിലെ ഒരു രാവിലെയാണ് സംഭവം നടക്കുന്നത്. സ്വന്തം സഹോദരന്റെ കാറിലാണ് പ്രതി ബഹ്റൈനിലേക്ക് എത്തിയത്. കോസ്വേയിലെത്തിയ ഇയാളുടെ വാഹനം കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിച്ചെങ്കിലും ആദ്യം ഒന്നും കണ്ടെത്താനായിരുന്നില്ല. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ഇയാളുടെ ഇടത് സോക്സിനുള്ളിൽ ഒളിപ്പിച്ച നിലയിൽ നിരോധിത ലൈറിക്ക (pregabalin) ഗുളികകൾ കണ്ടെടുത്തത്. തുടർന്നുള്ള നടപടികൾക്കായി ആന്റി നർക്കോട്ടിക്സ് ഡയറക്ടറേറ്റിലേക്ക് കൈമാറുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതോടെ പ്രതി പരിഭ്രാന്തനാകുകയും കസ്റ്റംസ് ഓഫീസിൽ നിന്ന് ഓടിരക്ഷപ്പെടുകയുമായിരുന്നു. കോസ്വേയിലെ ഒരു റെസ്റ്റോറന്റിൽ ഒളിച്ച ഇയാളെ പോലീസ് ഉടൻതന്നെ പിടികൂടി.
തുടർന്ന് ലോവർ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചെങ്കിലും പ്രതി നൽകിയ അപ്പീലുകളെല്ലാം കോടതി തള്ളുകയായിരുന്നു. ഒടുവിൽ കാസേഷൻ കോടതിയും ശിക്ഷ ശരിവെച്ചുകൊണ്ട് അന്തിമ ഉത്തരവ് പുറപ്പെടുവിച്ചു. അപസ്മാരം, ഉത്കണ്ഠ തുടങ്ങിയ രോഗങ്ങൾക്ക് ചികിത്സിക്കാൻ ഉപയോഗിക്കുന്ന ലൈറിക്ക ഗുളികകൾ നിലവിൽ പലരും ലഹരിമരുന്നായി ദുരുപയോഗം ചെയ്തുവരുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതായി ആരോഗ്യ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
dsfsf

