ബഹ്റൈനിൽ നിരോധിത വേപ്പിങ് ലഹരിമരുന്ന് നിർമ്മിച്ചു; പ്രതികളുടെ അപ്പീൽ ഹർജിയിൽ വിധി ഈ മാസം 26-ന്
പ്രദീപ് പുറവങ്കര
തായ്ലൻഡിൽ നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് സ്വന്തമായി വേപ്പിങ് ലഹരിമരുന്ന് നിർമ്മിച്ച് വിപണനം നടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട രണ്ട് ബഹ്റൈൻ പൗരന്മാരും ഒരു മൊറോക്കോ സ്വദേശിനിയും തടവുശിക്ഷയ്ക്കും ഭീമമായ പിഴയ്ക്കുമെതിരെ അപ്പീൽ നൽകി. കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവർക്ക് ഹൈ ക്രിമിനൽ കോടതി 15 വർഷത്തെ തടവും 10,000 ബഹ്റൈൻ ദീനാർ പിഴയുമാണ് വിധിച്ചിരുന്നത്. ലഹരിമരുന്ന് നിർമ്മാണം, കടത്ത്, സ്വന്തമായി ഉപയോഗിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്ക് മേൽ ചുമത്തിയിരിക്കുന്നത്.
കേസിലെ മുഖ്യപ്രതിയായ 25 കാരനായ ബഹ്റൈൻ പൗരൻ ലഹരിമരുന്ന് കടത്തു സംഘത്തിന് നേതൃത്വം നൽകിയതായി കോടതി കണ്ടെത്തി. തായ്ലൻഡിൽ നിന്നും സിബിഡി (CBD) ഓയിൽ നിർമ്മിക്കാനുള്ള അസംസ്കൃത വസ്തുക്കൾ ഓൺലൈനായി വരുത്തുകയും, കിങ് ഫഹദ് കോസ്വേ വഴി സൗദി അറേബ്യയിൽ നിന്നും ബഹ്റൈനിലേക്ക് ഇവ കടത്തുകയുമായിരുന്നു പതിവ്. തുടർന്ന് ഇവ ഉപയോഗയോഗ്യമായ ഇ-ലിക്വിഡ് രൂപത്തിലാക്കി മാറ്റുകയായിരുന്നു ചെയ്തിരുന്നത്. സൗദിയിൽ നിന്നും എത്തുന്ന ലഹരി സാധനങ്ങൾ ഇരുപതിലധികം തവണ കടത്താൻ സഹായിച്ചത് 24 കാരിയായ ബഹ്റൈൻ യുവതിയാണ്. പ്രതിയുടെ കാമുകിയായ 26 കാരിയായ മൊറോക്കോ സ്വദേശിനിയാണ് തായ്ലൻഡിലെ വിതരണക്കാർക്ക് സ്വന്തം പേരിലുള്ള അക്കൗണ്ടുകൾ വഴി പണം അയച്ചു നൽകിയിരുന്നത്. കൂടാതെ ലഹരിമരുന്ന് നിർമ്മിക്കുന്നതിനായി സ്വന്തം പേരിൽ ഒരു ഫ്ലാറ്റും ഇവർ വാടകയ്ക്കെടുത്തിരുന്നു. ശിക്ഷ പൂർത്തിയാക്കിയ ശേഷം ഈ മൊറോക്കോ സ്വദേശിനിയെ നാടുകടത്താനും കോടതി ഉത്തരവിട്ടിരുന്നു.
ഹൈക്കോടതി വിധിക്കെതിരെ പ്രതികൾ സുപ്രീം ക്രിമിനൽ അപ്പീൽ കോടതിയെ സമീപിക്കുകയായിരുന്നു. പോലീസിനെ വെട്ടിക്കാൻ അതീവ ജാഗ്രതയോടെയാണ് മുഖ്യപ്രതി പ്രവർത്തിച്ചിരുന്നത്. വിശ്വസ്തരായ ആളുകൾക്ക് മാത്രമാണ് ഇയാൾ ലഹരിമരുന്ന് വിറ്റിരുന്നത്. ജുഫൈറിലെ ഇയാളുടെ വസതിക്ക് പുറത്ത് കാത്തുനിന്ന പോലീസ് സംഘം വളഞ്ഞപ്പോൾ ഇയാൾ ആക്രമണത്തിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുകയും പോലീസുകാരനെതിരെ ഇലക്ട്രിക് ടേസർ ഉപയോഗിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ പക്കൽ നിന്ന് വലിയ അളവിൽ സിബിഡി ഓയിലും, ലഹരിനിറച്ച ഇ-സിഗരറ്റുകളും, ലൈറിക്ക ഗുളികകളും, കിലോകണക്കിന് അസംസ്കൃത വസ്തുക്കളും പിടിച്ചെടുത്തിരുന്നു. ഇയാളിൽ നിന്ന് ഒരു ഇലക്ട്രിക് ടേസറും ലോഹ കൈവിലങ്ങുകളും പണവും കണ്ടെത്തിയിട്ടുണ്ട്.
പ്രതികളുടെ ഹർജി പരിഗണിച്ച അപ്പീൽ കോടതി കേസിന്റെ അന്തിമ വിധി പ്രസ്താവന ഒക്ടോബർ 26-ലേക്ക് മാറ്റി.
sdfsf

