സൽമാൻ ഇൻഡസ്ട്രിയൽ സിറ്റി വികസനം: 330 ദശലക്ഷം ഡോളറിന്റെ പദ്ധതിയുമായി ബഹ്റൈൻ സർക്കാർ
പ്രദീപ് പുറവങ്കര
ബഹ്റൈന്റെ സൽമാൻ ഇൻഡസ്ട്രിയൽ സിറ്റിയുടെ വിപുലീകരണത്തിനായി 330 ദശലക്ഷം ഡോളറിന്റെ വായ്പാ കരാർ അംഗീകാരത്തിനായി പാർലമെന്റിലേക്ക് അയച്ചു. പുതിയ ഫാക്ടറികളുടെ നിർമ്മാണം, ഏകദേശം 1 ബില്യൺ ഡോളറിന്റെ നിക്ഷേപം ആകർഷിക്കുക, 3,000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് ഈ ബൃഹത്തായ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ആകെ ചെലവായ 341.22 ദശലക്ഷം ഡോളറിൽ 330.07 ദശലക്ഷം ഡോളറും ഇസ്ലാമിക് ഡെവലപ്മെന്റ് ബാങ്കാണ് (IsDB) നൽകുന്നത്. ബാക്കി വരുന്ന 11.16 ദശലക്ഷം ഡോളർ ബഹ്റൈൻ സർക്കാരാണ് കണ്ടെത്തുന്നത്.
പദ്ധതിയുടെ ഭാഗമായി പത്ത് ലക്ഷത്തിലധികം ചതുരശ്ര മീറ്റർ തീരദേശ ഭൂമി നികത്തി 8.3 ലക്ഷം ചതുരശ്ര മീറ്റർ വരുന്ന പൂർണ്ണമായും അടിസ്ഥാന സൗകര്യങ്ങളുള്ള വ്യാവസായിക പ്ലോട്ടുകൾ തയ്യാറാക്കും. റോഡുകൾ, വൈദ്യുതി വിതരണ ശൃംഖലകൾ, ജലവിതരണ ശൃംഖലകൾ എന്നിവയും ഇതിന്റെ ഭാഗമായി സജ്ജമാക്കും. 2032-ഓടെ 955 ദശലക്ഷം ഡോളറിന്റെ വ്യാവസായിക നിക്ഷേപം ആകർഷിക്കാനും 3,060 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും 50 പുതിയ വ്യാവസായിക പ്ലോട്ടുകൾ നൽകാനും പദ്ധതിയിലൂടെ സാധിക്കുമെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.
നിർമ്മാണ പ്രവർത്തനങ്ങൾക്കായി 185.93 ദശലക്ഷം ഡോളറും, മെക്കാനിക്കൽ-ഇലക്ട്രിക്കൽ ജോലികൾക്കായി 101.08 ദശലക്ഷം ഡോളറും, കൺസൾട്ടൻഡുകൾക്കായി 6.51 ദശലക്ഷം ഡോളറും വകയിരുത്തിയിട്ടുണ്ട്. ഇസ്ലാമിക് ഡെവലപ്മെന്റ് ബാങ്കുമായുള്ള രണ്ട് കരാറുകൾ വഴിയാണ് ഫണ്ടിങ് കൈകാര്യം ചെയ്യുന്നത്. വസ്തുക്കളുടെ വാങ്ങൽ, വിതരണം, തിരിച്ചടവ് എന്നിവയെല്ലാം ഈ ഇസ്ലാമിക ധനകാര്യ സംവിധാനത്തിന് കീഴിലാണ് ക്രമീകരിച്ചിരിക്കുന്നത്.
്േി്ി

