ബഹ്റൈനിൽ മൂല്യവർധിത നികുതി വർധന നിലവിൽ വന്നു


ബഹ്റൈനിൽ മൂല്യവർധിത നികുതി (വാറ്റ്) വർധന നിലവിൽ വന്നു. അഞ്ചു ശതമാനത്തിൽനിന്ന് 10 ശതമാനമായാണ് വാറ്റ് വർധിപ്പിച്ചിരിക്കുന്നത്. രാജ്യത്തിന്‍റെ റവന്യൂ കമ്മി കുറക്കുന്നതിന് വരുമാനം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് വാറ്റ് വർധന നടപ്പാക്കിയത്. വാറ്റ് വർധന വഴി മൊത്ത ആഭ്യന്തര ഉൽപാദത്തിൽ മൂന്ന് ശതമാനം നേട്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.അതേസമയം, 94 അവശ്യ ഭക്ഷ്യ സാധനങ്ങളെ വാറ്റ് പരിധിയിൽനിന്ന് ഒഴിവാക്കിയത് സാധാരണ ജനങ്ങൾക്ക് ആശ്വാസമാകും.

കുടിവെള്ളം, മിനറൽ വാട്ടർ, പാൽ, യോഗർട്ട്, ചീസ്, മറ്റ് പാലുൽപന്നങ്ങൾ, വിവിധ തരം മാംസങ്ങൾ, ബ്രഡ്, ഉരുളക്കിഴങ്ങ്, സവാള, വെളുത്തുള്ളി, തക്കാളി, കാബേജ്, കാരറ്റ്, കുക്കുംബർ, പഴങ്ങൾ, ഉണക്കിയ പഴങ്ങൾ, അരി, ഗോതമ്പ്, ചായ, കാപ്പി, ഏലക്കായ് തുടങ്ങിയ ഉൽപന്നങ്ങളെയാണ് നികുതിയിൽനിന്ന് ഒഴിവാക്കിയിട്ടുള്ളത്. ഇതിനുപുറമെ, 1820 സർക്കാർ സേവനങ്ങളെയും വാറ്റ് പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇളവ് ലഭിക്കുന്ന വിഭാഗത്തിൽ ഉള്ളവ അല്ലെങ്കിൽ, ജനുവരി ഒന്നുമുതൽ ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് 10 ശതമാനം വാറ്റ് ബാധകമായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

വ്യാപാര സ്ഥാപനങ്ങളിലെ വാറ്റ് തയാറെടുപ്പുകൾ വിലയിരുത്തുന്നതിന് വ്യവസായ, വാണിജ്യ, വിനോദ സഞ്ചാര മന്ത്രാലയത്തിന് കീഴിലെ ഉദ്യോഗസ്ഥർ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി. നാഷനൽ ബ്യൂറോ ഓഫ് റവന്യൂവുമായി സഹകരിച്ച് ഡിപ്ലോമാറ്റിക് ഏരിയ, ഗുദൈബിയ അവന്യൂ, അദ്ലിയ, ജുഫൈർ, മനാമ സൂഖ്, ജിദ്ദാലി, ആലി, റിഫ, സാർ, അറാദ്, ബുസൈതീൻ, ഗലാലി, മുഹറഖ് തുടങ്ങിയ സ്ഥലങ്ങളിലെ 134 ഔട്ട്ലെറ്റുകളിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ 108 നിയമ ലംഘനങ്ങൾ ഉദ്യോഗസ്ഥർ കണ്ടെത്തി. പുതിയ വാറ്റ് നിയമ പ്രകാരം 10000 ദീനാർ വരെ പിഴ ചുമത്താവുന്ന കുറ്റങ്ങളാണ് ഇവ.

നികുതി വെട്ടിപ്പ് നടത്തുന്ന ഔട്ട്ലെറ്റുകൾ അടുച്ചുപൂട്ടുമെന്നും അഞ്ചുവർഷം വരെ ജയിൽ ശിക്ഷയും വാറ്റ് തുകയുടെ മൂന്നിരട്ടി പിഴയും ലഭിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എല്ലാ സ്ഥാപനങ്ങളും പുതിയ നികുതി നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് നാഷനൽ ബ്യൂറോ ഓഫ് റവന്യൂ ആവശ്യപ്പെട്ടു. വാറ്റ് സംബന്ധിച്ച സംശയ നിവാരണത്തിന് ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും 80008001 എന്ന കാൾ സെന്‍റർ നമ്പറിലും vat@nbr.gov.bh എ ന്ന ഇ-മെയിൽ മുഖേനയും ബന്ധപ്പെടാവുന്നതാണ്. www.nbr.gov.bh എന്ന വെബ്സൈറ്റിലും വിവരങ്ങൾ ലഭ്യമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed