ബഹ്റൈൻ കേരളീയ സമാജം ഓൺലൈൻ മെംബേർസ് നൈറ്റ് സംഘടിപ്പിച്ചു
മനാമ:
ബഹ്റൈൻ കേരളീയ സമാജം അംഗങ്ങൾക്കായി ഓൺലൈൻ മെംബേർസ് നൈറ്റ് സംഘടിപ്പിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്ത അംഗങ്ങളും കുടുംബാംഗങ്ങളും ഓൺലൈനിൽ ഒത്തുകൂടിയ പരിപാടിയിൽ പ്രശസ്ത ഗായകരായ കല്ലറ ഗോപനും, നാരായണിയും നയിച്ച ഗാനമേളയും, രാജ് കലേഷുംചിത്രയും നയിച്ച ചെറു മത്സരങ്ങളും അരങ്ങേറി. അംഗങ്ങൾക്കായി വരും നാളുകളിലും ഇത്തരം പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ച സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള സൂചിപ്പിച്ചു. ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതവും വൈസ് പ്രസിഡണ്ട് ദേവദാസ് കുന്നത്ത് നന്ദിപ്രകടനവും നടത്തി. മെമ്പർഷിപ് സെക്രട്ടറി ശരത് നായർ പരിപാടി കോർഡിനേറ്റ് ചെയ്തു.
ഇതോടൊപ്പം സമാജം വളണ്ടിയർമാർ സാഫ്ര മുതൽ ഗലാലി വരെയുള്ള 900ത്തോളം അംഗങ്ങൾക്ക് വീട്ടിൽ എത്തിച്ചു നൽകിയ അത്താഴവും വേറിട്ട അനുഭവമായി മാറി. സമാജം ഐടി ടീമും വോളന്റീർമാരും ചേർന്ന സംഘാടകസമിതിയാണ് പരിപാടിയുടെ വിജയത്തിനായി പ്രയത്നിച്ചത്. ദീർഘാനാളത്തെ ബഹ്‌റൈൻ വാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന സമാജം അംഗവും ഇന്ത്യൻ സ്കൂൾ അധ്യാപകനുമായ എസ് ആർ രാമചന്ദ്രൻ പിള്ളയ്ക്കു യാത്രയയപ്പും മറ്റൊരു മെമ്പർ നാരായണന്റെ മകൾ അഞ്ജലിക്ക് വിവാഹത്തിനുള്ള ഉപഹാരദാനവും ചടങ്ങിൽ വെച്ചു നടത്തി.

