ബഹ്റൈൻ പ്രവാസികൾക്ക് കെ.എം.സി.സിയുടെ കരുതൽ സ്‌നേഹം

മനാമ: കൊവിഡ് മഹാമാരി കാരണം ഈ വർഷം ജനുവരി ഒന്നിനും ജൂലൈ 31നും ഇടയിൽ ബഹ്‌റൈനിൽ നിന്ന് നാട്ടിലെത്തി തിരിച്ചുപോകാൻ കഴിയാതെ പ്രയാസമനുഭവിക്കുന്ന പ്രവാസികൾക്കായി ബഹ്റൈൻ കെ.എം.സി.സിആശ്വാസധനം വിതരണം ചെയ്യുന്നു. കെ.എം.സി.സി ബഹ്‌റൈൻ അൽ അമാന പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് അപേക്ഷിച്ചവർക്കാണ് കരുതൽ സ്‌നേഹം പദ്ധതിയിലൂടെ ആശ്വാസ സഹായധനം വിതരണം ചെയ്യുന്നതെന്ന് കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന പ്രസിഡണ്ട് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ എന്നിവർ അറിയിച്ചു. കെ.എം.സി.സി ബഹ്‌റൈന്റെ ജില്ലാ, ഏരിയ കമ്മിറ്റികൾ മുഖേനയാണ് തുക വിതരണം ചെയ്യുക.
ഇതു കൂടാതെ അടുത്തിടെ നാട്ടിൽ മരണപ്പെട്ട ബഹ്‌റൈൻ പ്രവാസികളായ രണ്ടുപേരുടെ കുടുംബങ്ങൾക്ക് ഒന്പത് ലക്ഷം രൂപ സാഹായധനം ഉടൻ കൈമാറുമെന്നും സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. അൽ അമാന സാമൂഹ്യ സുരക്ഷാ പദ്ധതിയിലൂടെ പ്രവാസ ലോകത്ത് മരണപ്പെടുന്നവരുടെ കുടുംബത്തിന് കുടുംബ സുരക്ഷാ ഫണ്ട് വഴി അഞ്ച് ലക്ഷം രൂപയും പ്രതിമാസ പെൻഷൻ പദ്ധതിയിലൂടെ നാലായിരം രൂപ വരെയും ചികിത്സാ സഹായ ഫണ്ടിലൂടെ 25,000 രൂപ വരെയും നൽകിവ രുന്നുണ്ട്.