ഐഫോൺ വിവാദം: നിയമ നടപടിക്കൊരുങ്ങി ചെന്നിത്തല

തിരുവനന്തപുരം: യുണിടാക് എംഡി സന്തോഷ് ഈപ്പനെതിരെ നിയമനടപടിക്കൊരുങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്‍റെ നിർദേശപ്രകാരം പ്രതിപക്ഷ നേതാവിന് ഐ ഫോൺ വാങ്ങി നൽകിയെന്ന വെളിപ്പെടുത്തലിനെ തുടർന്നാണ് അദ്ദേഹം നിയമനടപടിക്കൊരുങ്ങുന്നത്. സന്തോഷ് ഈപ്പന് തിങ്കളാഴ്ച വക്കീൽ നോട്ടീസ് അയക്കുമെന്ന് ചെന്നിത്തല പറഞ്ഞു.
നേരത്തെ ഫോൺ ആരുടെ കൈവശമാണെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ചെന്നിത്തല ഡിജിപിക്ക് കത്ത് നൽകിയിരുന്നു. ഇതിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിൽ ഹൈക്കോടതിയെയോ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിനെയോ സമീപിക്കാനാണ് ചെന്നിത്തലയുടെ തീരുമാനം. ഇക്കാര്യത്തെ പറ്റി നിയമവിദഗ്ദ്ധരുമായി ചെന്നിത്തല ചർച്ച നടത്തി.