ബഹ്റൈൻ പ്രവാസികളുടെ യാത്രാദുരിതം തുടരുന്നു

മനാമ: എയർ ബബിൾ കരാർ നിലവിൽ വന്ന് മൂന്നാഴ്ച്ചകൾ കഴിഞ്ഞെങ്കിലും കേരളത്തിൽ നിന്ന് ബഹ്റൈനിലേക്കുള്ള വിമാനയാത്രാ നിരക്കിലുണ്ടായിരിക്കുന്ന ഗണ്യമായ വർദ്ധനവ് കാരണം നിരവധി പേരാണ് ഇപ്പോഴും ബുദ്ധിമുട്ടുന്നത്. ഇപ്പോൾ യാത്രാനുമതി ലഭിച്ചിരിക്കുന്ന എയർ ഇന്ത്യ വിമാനങ്ങൾക്ക് 200 ദിനാർ വരെയും ഗൾഫ് എയർ വിമാനങ്ങൾക്ക് 260 ദിനാർ വരെയുമാണ് ടിക്കറ്റിനായി ഈടാക്കുന്നത്. മറ്റ് ഗൾഫ് രാജ്യങ്ങളിലേയ്ക്കുള്ളതിനെക്കാൾ നാലിരിട്ടിയാണ് ഇത്. കേന്ദ്ര
കേരള സർക്കാരുകൾ ഈ വിഷയത്തിൽ ഇടപ്പെടാനുള്ള ആവശ്യം എല്ലായിടത്ത് നിന്നും ഉയരുന്നുണ്ടെങ്കിലും അത്തരമൊരു നീക്കം ഇതുവരെയായി ഉണ്ടായിട്ടില്ല. കോവിഡ് കാലം പ്രവാസികൾക്ക് സമ്മാനിച്ച കടുത്ത യാത്രാദുരിതങ്ങൾക്കിടയിലാണ് അമിത ടിക്കറ്റ് ചാർജ്ജ് കൂനിമേൽ കുരു എന്ന രീതിയിൽ ബഹ്റൈൻ പ്രവാസികൾക്ക് വിനയായിരിക്കുന്നത്.
അതേസമയം നിരവധി പേർ ഇപ്പോൾ ദുബൈ വഴി ബഹ്റൈനിലെത്തി തുടങ്ങിയിട്ടുണ്ട്. ക്വാറന്റൈനും, കോവിഡ് ടെസ്റ്റുമില്ലാതെ നാൽപ്പതിനായിരം രൂപയ്ക്ക് താഴെ ബഹ്റൈനിലെത്താൻ സാധിക്കുന്നു എന്നാണ് ഇങ്ങിനെ വന്നവരുടെ അഭിപ്രായം. ഇതോടൊപ്പം കഴിഞ്ഞ ദിവസം എയർ ബബിൾ കരാർ വന്നിരിക്കുന്ന ഒമാനിലെ മസ്കറ്റിൽ നിന്ന് ബഹ്റൈനിലേയ്ക്ക് നാളെ മുതൽ ഗൾഫ് എയർ വിമാനം സർവീസുകൾ ആരംഭിക്കുന്നുണ്ട്. ഇങ്ങിനെയാണെങ്കിൽ മസ്കറ്റ് വഴിയും ബഹ്റൈനിലേയ്ക്ക് എത്താനുള്ള വഴി തെളിയുമെന്നാണ് മനസിലാകുന്നത്.