വാക്സിൻ പരീക്ഷണത്തിന് കൂടുതൽ മലയാളികൾ
മനാമ : രാജ്യത്ത് ആരംഭിച്ച കോവിഡ് വാക്സിൻ പരീക്ഷണത്തിന്റെ ഭാഗമാകാൻ കൂടുതൽ മലയാളികൾ രംഗത്ത് വരുന്നു. ഐവൈസിസി പ്രവർത്തകരായ മൂസ കോട്ടക്കൽ, ഷാക്കിർ, ഇന്ത്യൻ ഇസ്ലാഹി സെന്റർ ഭാരവാഹി ആഷിഖ്, ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്റൈൻ കേരള ഘടകം ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ്, സെൻട്രൽ കമ്മിറ്റി സെക്രെട്ടറി യുസഫ് അലി, യൂത്ത് ഇന്ത്യ പ്രവർത്തകൻ ജുമൈൽ റഫീഖ് തുടങ്ങിയവരാണ് ഇതിനായി കഴിഞ്ഞ ദിവസങ്ങളിൽ മുന്പോട്ട് വന്നിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പേർ ഈ പ്രവർത്തനവുമായി സഹകരിക്കുമെന്നാണ് അറിയുന്നത്.
അതേ സമയം വാക്സിൻ പരീക്ഷണത്തിന് തയ്യാറാകുന്നവർക്ക് ഇനി മുതൽ നേരിട്ട് ബഹ്റൈൻ എക്സിബിഷൻ സെന്ററിൽ ചെന്ന് പരിശോധനകൾക്ക് വിധേയാരാകാവുന്നതാണ്. രാവിലെ എട്ട് മണി മുതൽ വൈകുന്നേരം എട്ട് മണി വരെയാണ് ഇവിടെ തുറന്ന് പ്രവർത്തിക്കുന്നത്. പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള ആരോഗ്യമുള്ളവർക്ക് ഇതിൽ പങ്കെടുക്കാവുന്നതാണ്. ആറായിരം പേർക്കാണ് പരീക്ഷണത്തിൽ അവസരം ലഭിക്കുക.

