രാജ്യത്ത് വിദ്യാലയങ്ങൾ തുറക്കുന്പോൾ സ്വീകരിക്കേണ്ട നടപടികൾ
മനാമ: സെപ്തംബർ മാസം മുതൽ പ്രവർത്തനങ്ങൾ പുനഃരാരംഭിക്കുന്ന രാജ്യത്തെ ഗവൺമെന്റ് സ്വകാര്യ വിദ്യാലയങ്ങളിൽ പാലിക്കേണ്ട നിർദ്ദേശങ്ങൾ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. ഇതു പ്രകാരം എല്ലാ ദിവസവും ക്ലാസ് മുറികൾ, ശുചീകരണ മുറികൾ, ലാബോറട്ടറികൾ എന്നിവ അണുവിമുക്തമാക്കുകയും, കഫ്തേരിയകൾ അടച്ചുപൂട്ടേണ്ടതുമാണ്. വിദ്യാലയത്തിലെത്തുന്ന ജീവനക്കാർ, അദ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ എല്ലാസമയത്തും മാസ്ക്ക് ധരിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതുമാണ്. ക്യാന്പസിലേയ്ക്ക് പ്രവേശിക്കുന്പോഴും, പുറത്തേക്ക് പോകുന്പോളും ശരീരോഷ്മാവ് പരിശോധിക്കണം. ആർക്കെങ്കിലും കോവിഡ് ബാധയുണ്ടെന്ന് തോന്നുകയാണെങ്കിൽ അവരെ ഉടൻ തന്നെ ഐസൊലേറ്റ് ചെയ്യുകയും തുടർപരിശോധനകൾക്കായി വിധേയനാക്കേണ്ടതുമാണ്. ഇങ്ങിനെ സംശയാസ്പദമായി ഐസോലേറ്റ് ചെയ്യുന്ന ആളുമായി സന്പർക്കത്തിൽ ഏർപ്പെട്ടവരെയും ആദ്യത്തെ വ്യക്തിയുടെ കോവിഡ് റിസൽട്ട് വരുന്നത് വരേക്കും ഐസോലേറ്റ് ചെയ്യേണ്ടതാണ്. ഇങ്ങിനെ ഒരാളെ കണ്ടെത്തിയാൽ വിദ്യാലയം മൊത്തമായി നിർത്തിവെക്കുന്ന സാഹചര്യം ഉണ്ടാകില്ല. അതേസമയം വിദ്യാലയങ്ങളിൽ നേരിട്ട് പോയി പഠിക്കാനോ, ഓൺലൈൻ ക്ലാസുകളിലൂടെ പഠനം തുടരാനോ ഉള്ള തീരുമാനം രക്ഷിതാക്കൾക്ക് സ്വീകരിക്കാവുന്നതാണ്. സെപ്തംബർ ആറ് മുതൽക്ക് ജീവനക്കാർക്കും, സെപ്തംബർ 16 മുതൽക്ക് വിദ്യാർത്ഥികൾക്കുമാണ് വിദ്യാലയങ്ങൾ തുറക്കുന്നത്.

