ബഹ്റൈന് നേരെ ഇറാന്റെ ആക്രമണം; 188 മിസൈലുകളും 466 ഡ്രോണുകളും തകർത്തതായി ബിഡിഎഫ്
പ്രദീപ് പുറവങ്കര l ബഹ്റൈൻ
മനാമ : ഇറാൻ്റെ തുടർച്ചയായ ഭീകരാക്രമണങ്ങളെ വിജയകരമായി നേരിട്ടു വരികയാണെന്ന് ബി.ഡി.എഫ് ജനറൽ കമാൻഡ് അറിയിച്ചു. സൈന്യത്തിൻ്റെ ജാഗ്രതയോടെയുള്ള ഇടപെടലിലൂടെ ഇതുവരെ ബഹ്റൈനെ ലക്ഷ്യമിട്ടെത്തിയ 188 മിസൈലുകളും 466 ഡ്രോണുകളും തകർത്തതായി ബിഡിഎഫ് ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.
സൈനികരുടെ ഉയർന്ന പോരാട്ട വീര്യത്തിലും ജാഗ്രതയിലും അഭിമാനിക്കുന്നതായും രാജ്യത്തെ സംരക്ഷിക്കാനുള്ള ഈ കാര്യക്ഷമമായ പ്രവർത്തനം രാജ്യത്തിൻ്റെ ആകാശം സുരക്ഷിതമാണെന്ന ഉറപ്പാണ് നൽകുന്നതെന്നും ബി.ഡി.എഫ് അറിയിച്ചു. സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ആക്രമണം നടന്ന സ്ഥലങ്ങളിൽ നിന്നോ സംശയാസ്പദമായ വസ്തുക്കളിൽ നിന്നോ അകലം പാലിക്കണമെന്നും നിർദ്ദേശമുണ്ട്. സൈനിക നീക്കങ്ങളുടെയോ അവശിഷ്ടങ്ങൾ വീണ സ്ഥലങ്ങളുടെയോ ചിത്രങ്ങൾ പകർത്തി പ്രചരിപ്പിക്കരുത്. വ്യാജവാർത്തകളിൽ വിശ്വസിക്കാതെ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
ജനവാസ കേന്ദ്രങ്ങളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിക്കുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിൻ്റെയും ലംഘനമാണെന്ന് പ്രതിരോധ സേന ചൂണ്ടിക്കാട്ടി. ഇത്തരം വിവേചനരഹിതമായ ആക്രമണങ്ങൾ പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്നും ജനറൽ കമാൻഡ് വ്യക്തമാക്കി.
dsdsf
