കെ.എം.സി.സി നേതാക്കൾക്കെതിരേ കേസെടുത്ത നടപടി പ്രതിഷേധാർഹം: ബഹ്‌റൈൻ കെ.എം.സി.സി
മനാമ: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രവാസി വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് കോഴിക്കോട് കലക്ടറേറ്റിലേക്ക് ധർണ നടത്തിയതിന് കെ.എം.സി.സി നേതാക്കൾക്കെതിരേ കേസെടുത്ത പൊലീസ് നടപടി പ്രതിഷേധാർഹമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും ബഹ്‌റൈൻ കെ.എം.സി.സി. കൊവിഡ് മഹാമാരിക്കാലത്ത് പ്രവാസികളെ അവഗണിച്ച സംസ്ഥാന സർക്കാർ അതിനെതിരേ പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുകയാണ്. പ്രവാസികളുടെ വിഷയങ്ങൾ അധികാരികളുടെ മുന്നിൽ കൊണ്ടുവരാനുള്ള ജനാധിപത്യ സമര മാർഗ്ഗങ്ങളെ കേസെടുത്ത് തളർത്തി കളയാമെന്നുള്ളത് പിണറായി സർക്കാരിന്റെ വ്യാമോഹമാണ്. പ്രാവസികളോട് സംസ്ഥാന സർക്കാർ പ്രകടിപ്പിക്കുന്ന നിഷേധാത്മക സമീപനത്തിന്റെ ഭാഗമായാണ് കെ.എം.സി.സി നേതാക്കൾക്കെതിരേ കേസെടുത്തത്. ഭരണകൂടത്തിന്റെ പിടിപ്പുകേട് തുറന്നുപറയുന്നവരെ കേസിൽ പെടുത്തിയും മറ്റും ദ്രോഹിക്കുന്ന കേന്ദ്രത്തിന്റെ ശൈലിയാണ് സംസ്ഥാനം പിന്തുടരുന്നതെന്നും കേസ് കൊണ്ട് പ്രവാസികളെ ഭയപ്പെടുത്താമെന്ന് ഭരണകൂടം കരുതേണ്ടെന്നും സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കൽ എന്നിവർ പറഞ്ഞു.
കുവൈത്ത് കെ.എം.സി.സി സംസ്ഥാന ട്രഷറർ എം.ആർ നാസർ, ബഹ്‌റൈൻ കെ.എം.സി.സി സംസ്ഥാന വൈ. പ്രസിഡണ്ട് ശംസുദ്ദീൻ വെള്ളികുളങ്ങര, ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി കെ.പി മുഹമ്മദ്, ഷാർജ കെ.എം.സി.സി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി. ഹാഷിം എന്നിവർക്കെതിരേയാണ് പൊലിസ് കേസെടുത്തത്. പ്രവാസികളും പൊതുജനങ്ങളുമൊക്കെ ഏറെ ദുരിതത്തോടെയാണ് ഈ കാലഘട്ടത്തിലൂടെ കഴിഞ്ഞുപോകുന്നത്. അതിനിടെ സർക്കാരുകൾ ദ്രോഹപരമായ തീരുമാനങ്ങളെടുക്കുന്പോൾ അതിനെ ചോദ്യം ചെയ്യേണ്ടത് ജനാധിപത്യ കടമകൂടിയാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ പ്രതികാര നടപടിയെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും നേതാക്കൾ പറഞ്ഞു.

